കേന്ദ്ര മന്ത്രിസഭയിൽ വൻ അഴിച്ചുപണിക്ക് നീക്കം; ധർമേന്ദ്ര പ്രധാനും നിർമല സീതാരാമനും മാറിയേക്കും


ഷീബ വിജയൻ

വിവിധ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര മന്ത്രിസഭയിൽ വൻ അഴിച്ചുപണികൾക്ക് ബിജെപി നേതൃത്വം കളമൊരുക്കുന്നതായി സൂചനകൾ. നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, പാചകവാതക-പെട്രോൾ വിലവർധനവിലും എപ്സ്റ്റീൻ ഫയൽസ് വിവാദത്തിലും വിമർശനം നേരിടുന്ന പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, രാജ്യത്തെ വിലക്കയറ്റവും അധിക നികുതിയും ധനസ്ഥിതിയെ ബാധിച്ചെന്ന വിലയിരുത്തലുകൾക്കിടയിലുള്ള ധനമന്ത്രി നിർമല സീതാരാമൻ എന്നിവരെ നിലവിലെ സ്ഥാനങ്ങളിൽ നിന്ന് മാറ്റിയേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ നൽകുന്ന സൂചന.

മോദി സർക്കാരിന്റെ മൂന്നാം ഊഴത്തിന് മുന്നോടിയായുള്ള ഈ നിർണായക പുനഃസംഘടന അടുത്തയാഴ്ച നടന്നേക്കും. ഇതിന്റെ ഭാഗമായുള്ള രാഷ്ട്രീയ നീക്കങ്ങൾ ഡൽഹിയിൽ സജീവമായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും പാർട്ടിയുടെ രാഷ്ട്രീയ സമവാക്യങ്ങളും മുൻനിർത്തിയാണ് ബിജെപിയുടെ ഈ വലിയ നീക്കം.

ഭരണരംഗത്തും സാമ്പത്തിക മേഖലയിലും വലിയ മാറ്റങ്ങൾ ലക്ഷ്യമിടുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ആർബിഐ ഗവർണറുമായ ശക്തികാന്ത ദാസിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി നിർണായക വകുപ്പ് നൽകാൻ ആലോചനയുണ്ട്. മന്ത്രിസ്ഥാനം നഷ്ടമാകുന്ന ധർമേന്ദ്ര പ്രധാൻ, ഹർദീപ് സിംഗ് പുരി എന്നിവരെ പാർട്ടി സംഘടനയിലേക്ക് മാറ്റിയേക്കും. അതേസമയം, യുവനേതൃത്വമെന്ന പ്രതിച്ഛായയുള്ള മുൻ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ വീണ്ടും മന്ത്രിസഭയിലേക്ക് തിരിച്ചെത്തുമെന്നാണ് വിവരങ്ങൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed