ഭീകരവാദം വളർത്താൻ ഖത്തർ പണം നൽകി : ചെക്കിന്റെ ചിത്രം ഓൺലൈനിൽ ചോർന്നു
മനാമ : ബഹ്‌റൈനിൽ ഭീകരപ്രവർത്തനങ്ങൾക്കായി ഖത്തർ ഇന്റലിജൻസ് ഉപയോഗിച്ച ഒരു ചെക്കിന്റെ ചിത്രം ചോർന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രത്തിലെ ചെക്ക് ഖത്തർ രഹസ്യാന്വേഷണ ഏജൻസി ബഹ്‌റൈനിൽ പ്രവർത്തിച്ചിരുന്ന അൽ വഫാക്കിന്റെ പ്രതിനിധിക്ക് കൈമാറിയതാണെന്ന് വ്യക്തമാക്കുന്നതാണ്. 2011 ജനുവരി 23ന് മുൻ എം.പി ഹസൻ മാർഷൂക്കിന്റെ പേരിലാണ് 1000 ബഹ്‌റൈൻ ദിനാറിന്റെ ചെക്ക് കൈമാറിയിരിക്കുന്നത്. 2015ൽ ഇറാനിൽ നിന്ന് ബഹ്‌റൈനിൽ എത്തിയ മുൻ എം.പി ബഹ്‌റൈൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ അറസ്റ്റിലായിരുന്നു. ഭീകരതയ്ക്ക് സാന്പത്തിക സഹായം നൽകുന്നതിന്റെ പേരിൽ അദ്ദേഹം 10 വർഷം തടവ് ശിക്ഷ ഇപ്പോൾ അനുഭവിക്കുകയാണ്.
ഭീകര ഗ്രൂപ്പിന്റെ ധനസഹായത്തിനായി ബഹ്‌റൈനിൽ നിന്നും ഫണ്ട് സമാഹരിച്ചതായി ചോദ്യം ചെയ്യലിൽ മാർഷൂക്ക് വെളിപ്പെടുത്തിയിരുന്നു. 2015 ജൂലൈ 28ന് രണ്ട് പോലീസുകാരുടെ മരണത്തിനും ആറ് പേരുടെ പരിക്കിനും കാരണമായ സിത്ര ആക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ച ഗ്രൂപ്പിനും ഇദ്ദേഹം ധനസഹായം നൽകിയിരുന്നു. നവാദ് അഹമ്മദ് നാസർ, ഹമീദ് റസൂൽ ആരിഫ് എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്ന് എട്ട് പേരെ അറസ്റ്റ് ചെയ്തു. ബഹ്റൈനിലെ രാജ്യസുരക്ഷയെ അട്ടിമറിക്കുന്നതിൽ ഖത്തറിന്റെ പങ്ക് വെളിപ്പെടുത്തുന്ന രേഖകൾ മുന്പും പുറത്തുവന്നിരുന്നു. ഭരണകൂടത്തിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളിൽ അൽ ജസീറ ചാനൽ വഹിച്ച പങ്കിനെ പറ്റിയും ഇതേ ചാനലിൽ മുന്പ് പ്രവർത്തിച്ച ടെലിവിഷൻ അവതാരകൻ മുന്പ് വെളിപ്പെടുത്തിയിരുന്നു.
2011 മുതൽ 2017 വരെ അൽ ജസീറ ഓൺലൈനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ പരിശോധിച്ചതിൽ ബഹ്‌റൈനെതിരെ 889 റിപ്പോർട്ടുകളാണ് ഉള്ളത്. ഇതിൽ മിക്കതും തീവ്രവാദികളെ പിന്തുണയ്ക്കുന്നവയോ അല്ലെങ്കിൽ അവരുടെ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടുന്നവയോ ആണ്. ഈജിപ്തിലെ മുസ്ലിം ബ്രദർഹുഡ്, യെമനിലെ വിമതർ എന്നിവയ്ക്ക് ഖത്തർ പിന്തുണ നൽകിയതിന്റെ കണക്കുകൾ യു.എ.ഇയും പുറത്തുവിട്ടിട്ടുണ്ട്.

