ലോക അത്ലറ്റിക് മീറ്റിൽ ജമൈക്കക്ക് ആദ്യ സ്വർണ്ണം
ലണ്ടൻ : ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടത്തിൽ പുരുഷ വനിതാ വീഭാത്തിൽ ഉസൈൻ ബോൾട്ടും എലെയ്ൻ തോംസണും നഷ്ടപ്പെടുത്തിയ സ്വർണ്ണം ജമൈക്കയിലെത്തിച്ച് ഒമർ മക്്ലിയോഡ്. പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസിൽ ഒന്നാമതെത്തിയാണ് ഒമർ ജമൈക്കയ്ക്ക് മീറ്റിലെ ആദ്യ സ്വർണ്ണം സമ്മാനിച്ചത്. നിലവിലെ സ്വർണ്ണജേതാവ് സെർജി ഷുബെൻകോവിനെ പിന്തള്ളിയായിരുന്നു ഒമറിന്റെ സ്വർണ്ണനേട്ടം. സെർജി ഷുബോൻകോവ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
13.04 സെക്കന്റിലാണ് ഒമർ ഫിനിഷിംഗ് ലൈൻ തൊട്ടത്. 13.14 സെക്കന്റാണ് സെർജിയുടെ സമയം. 13.28 സെക്കന്റിൽ ഓടിയെത്തിയ ഹംഗറിയുടെ ബലാസ് ബാജിക്കാണ് വെങ്കലം. 2012ലെ ഒളിന്പിക് ചാന്പ്യനായ അമേരിക്കയുടെഅരിയസ് മെരിറ്റിൻ ഈ ഇനത്തിൽ അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ മെരിറ്റ് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ട്രാക്കിലേയ്ക്ക് തിരിച്ചെത്തിയതായിരുന്നു.
കഴിഞ്ഞ ചാന്പ്യൻഷിപ്പിനെ അപേക്ഷിച്ച് ഇത്തവണ നിലവാരത്തിലേയ്്ക്കുയരാൻ ജമൈക്കയ്ക്ക് കഴിഞ്ഞിട്ടില്ല. 2015 ലോകചാന്പ്യൻഷിപ്പിൽ ഏഴു സ്വർണ്ണമടക്കം 12 മെഡലുകൾ ജമൈക്ക നേടിയിരുന്നു. ജമൈക്കയുടെ സ്വർണ്ണനേട്ടത്തിലേയ്ക്ക് ഇനി ലോകം ഉറ്റുനോക്കുന്നത് 4x100 മീറ്റർ റിലേയാണ്. റിലേയിൽ ഉസൈൻ ബോൾട്ടും ഒമറും ജമൈക്കയ്ക്കായി ട്രാക്കിലിറങ്ങും. ബോൾട്ടിന്റെ വിടവാങ്ങൽ മത്സരമായിരിക്കും ഇത്.

