ബഹ്‌റൈൻ എയർപോർട്ട് കവാടത്തിൽ സ്വാഗത സ്മാരകം: രൂപകൽപ്പനയ്ക്കായി മത്സരം പ്രഖ്യാപിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രധാന പ്രവേശന ജംഗ്ഷനിൽ പ്രൗഢഗംഭീരമായ സ്വാഗത സ്മാരകം നിർമ്മിക്കുന്നതിനായി ഡിസൈൻ മത്സരം പ്രഖ്യാപിച്ചു. ബഹ്‌റൈന്റെ തനത് സംസ്കാരം, ആതിഥ്യമര്യാദ, തുറന്ന നിലപാടുകൾ എന്നിവ പ്രതിഫലിപ്പിക്കുന്നതും രാജ്യത്തിന്റെ അടയാളമായി മാറുന്നതുമായ സ്മാരകം നിർമ്മിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ദേശീയ അടയാളങ്ങൾ നിർമ്മിക്കുന്നതിൽ പ്രാദേശിക സർഗ്ഗാത്മക പ്രതിഭകളെ പങ്കാളികളാക്കുന്നതിനൊപ്പം രാജ്യത്തിന്റെ നഗര ഭംഗി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവും മത്സരത്തിനുണ്ടെന്ന് മുൻസിപ്പാലിറ്റീസ് കാര്യ കർഷക മന്ത്രാലയത്തിലെ മുൻസിപ്പൽ അഫയേഴ്‌സ് അണ്ടർസെക്രട്ടറി എൻജിനീയർ ശൈഖ് മുഹമ്മദ് ബിൻ അഹമ്മദ് അൽ ഖലീഫ പറഞ്ഞു. വിമാനത്താവളത്തിലേക്കുള്ള കവാടം രാജ്യത്തിന്റെ ടൂറിസം മേഖലയ്ക്കും ദേശീയ വികാരത്തിനും ഏറെ പ്രാധാന്യമുള്ള ഇടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലൈസൻസുള്ള പ്രാദേശിക എൻജിനീയറിങ്-ആർക്കിടെക്ചറൽ ഓഫീസുകൾ, ഡിസൈൻ സ്ഥാപനങ്ങൾ, ഡിസൈനർമാർ, കലാകാരന്മാർ, എൻജിനീയർമാർ, അനുബന്ധ മേഖലകളിലെ സർവ്വകലാശാല വിദ്യാർത്ഥികൾ എന്നിവർക്ക് മത്സരത്തിൽ പങ്കെടുക്കാമെന്ന് മുഹറഖ് മുൻസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ ഖാലിദ് അലി അൽ ഖല്ലാഫ് അറിയിച്ചു. വ്യക്തിഗതമായോ പരമാവധി നാല് പേർ അടങ്ങുന്ന ടീമുകളായോ മത്സരത്തിൽ പങ്കാളികളാകാം.

ബഹ്‌റൈന്റെ തനത് പാരമ്പര്യവും ആതിഥ്യമര്യാദയും സമകാലിക ശൈലിയിൽ സമന്വയിപ്പിക്കുന്നതും പ്രായോഗികമായി നിർമ്മിക്കാൻ സാധിക്കുന്നതുമായ അസൽ (Original) ഡിസൈനുകളായിരിക്കണം സമർപ്പിക്കേണ്ടത്. എൻട്രികളിൽ ഡിസൈൻ സങ്കൽപ്പം, മാസ്റ്റർ പ്ലാൻ, ഡ്രോയിംഗുകൾ, 3D ദൃശ്യങ്ങൾ, ഉപയോഗിക്കുന്ന വസ്തുക്കളുടെ വിവരങ്ങൾ, അളവുകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കണം.

താല്പര്യമുള്ളവർ ഡിസൈനുകൾ competition@mun.gov.bh എന്ന ഇമെയിൽ വിലാസത്തിൽ 2026 നവംബർ 22-നകം സമർപ്പിക്കേണ്ടതാണ്. നൂതനത്വം, ദേശീയ വ്യക്തിത്വം, പ്രായോഗികത, മികച്ച അവതരണം എന്നിവ മുൻനിർത്തി വിദഗ്ധ വിധികർത്താക്കളുടെ പാനലായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക.

#BahrainNews #BahrainAirport #DesignCompetition #4PMNews

article-image

dsddsdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed