സോഷ്യൽ മീഡിയ വഴി പെൺകുട്ടികളെ ചൂഷണം ചെയ്യാൻ ശ്രമം: മൂന്ന് പേർ ബഹ്റൈനിൽ അറസ്റ്റിൽ


പ്രദീപ് പുറവങ്കര

മനാമ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രലോഭിപ്പിക്കുകയും ചൂഷണം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേർ ബഹ്‌റൈനിൽ അറസ്റ്റിലായി. 14-നും 16-നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ് ലൈംഗിക ചൂഷണശ്രമത്തിന് ഇരയായതെന്ന് പബ്ലിക് പ്രൊസിക്യൂഷൻ ഔദ്യോഗികമായി അറിയിച്ചു.

ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റിന് കീഴിലുള്ള 'സൈബർ സ്പേസ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റി'ൽ കുട്ടികൾ ഓൺലൈൻ ചൂഷണത്തിന് ഇരയാകുന്നതായി ലഭിച്ച മൂന്ന് വെവ്വേറെ പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടന്ന കാര്യക്ഷമമായ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഓൺലൈനിലൂടെ കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും സന്ദേശങ്ങൾ അയച്ച് ചിത്രങ്ങൾ കൈമാറുകയും ചെയ്തതായി ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു.

കേസിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി പ്രതികളെ ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്യാൻ പബ്ലിക് പ്രൊസിക്യൂഷൻ ഉത്തരവിട്ടു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഇവരുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി പിടിച്ചെടുത്തിട്ടുണ്ട്. ഇരയായ കുട്ടികളിൽ നിന്നും പ്രൊസിക്യൂഷൻ വിവരങ്ങൾ ശേഖരിച്ചു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ, സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ കുട്ടികൾ നേരിടാൻ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയവും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും രക്ഷിതാക്കൾക്ക് കടുത്ത മുന്നറിയിപ്പ് നൽകി. വ്യാജ സന്ദേശങ്ങളിലൂടെയും പ്രലോഭനങ്ങളിലൂടെയും അപരിചിതർ കുട്ടികളെ കെണിയിൽ പെടുത്താൻ സാധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.


കുട്ടികളുടെ ഡിജിറ്റൽ ഉപകരണങ്ങളുടെയും സോഷ്യൽ മീഡിയയുടെയും ഉപയോഗം കൃത്യമായി നിരീക്ഷിക്കുക, അപരിചിതരുമായി ഇന്റർനെറ്റിലൂടെ ആശയവിനിമയം നടത്തുന്നതിലെ അപകടങ്ങളെക്കുറിച്ച് കുട്ടികളോട് തുറന്നു സംസാരിക്കുക, സ്വകാര്യ ചിത്രങ്ങളോ വിവരങ്ങളോ അപരിചിതർക്ക് യാതൊരു കാരണവശാലും കൈമാറരുതെന്ന് കുട്ടികൾക്ക് മുന്നറിയിപ്പ് നൽകുക എന്നീ നിർദേശങ്ങളാണ് അധികൃതർ രക്ഷിതാക്കൾ നിലവിൽ നൽകിയിരിക്കുന്നത്. സംശയാസ്പദമായ രീതിയിലുള്ള ഓൺലൈൻ സന്ദേശങ്ങളോ ഇടപെടലുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കാനും മടിക്കരുത്.

സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം കുട്ടികളുടെ വിശ്വസ്തത ചൂഷണം ചെയ്യുന്ന ക്രിമിനലുകളിലേക്ക് എത്തിച്ചേരാൻ ഇടയാക്കുമെന്നും അതിനാൽ കുടുംബങ്ങൾ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. സംശയകരമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 33523300 എന്ന നമ്പറിലോ cpcu@interior.gov.bh എന്ന ഇമെയിൽ വഴിയോ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനെ ബന്ധപ്പെടാവുന്നതാണ്.

article-image

esfrerrt

You might also like

  • Lulu Exchange
  • Straight Forward

Most Viewed