മലേഷ്യയിൽ ബഹ്‌റൈൻ എഫ്-1 ആവേശം: സെപാങ് സർക്യൂട്ടിൽ ചരിത്ര റേസ് വാരാന്ത്യത്തിന് തുടക്കമാകുന്നു
പ്രദീപ് പുറവങ്കര
കൂലാലംപൂർ: ഈ വാരാന്ത്യത്തിൽ നടക്കുന്ന എഫ്-1 ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ മത്സരങ്ങളുടെ ആവേശത്തിൽ മലേഷ്യൻ തലസ്ഥാനമായ കൂലാലംപൂർ. സെപാങ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന ചരിത്രപ്രസിദ്ധമായ റേസിംഗ് വാരാന്ത്യത്തിന്റെ ഭാഗമാകാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ആയിരക്കണക്കിന് ഫോർമുല വൺ ആരാധകരാണ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ മലേഷ്യയിലേക്ക് ഒഴുകിയെത്തുന്നത്.
കൂലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാരെ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ പ്രാദേശിക കലാകാരന്മാരുടെ സംഗീതത്തിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടെയാണ് വരവേൽക്കുന്നത്. ഇതിനൊപ്പം, ഫോർമുല വൺ കാണാനെത്തുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിന്റെ പ്രത്യേക 'മീറ്റ് ആൻഡ് ഗ്രീറ്റ്' ടീമും വിമാനത്താവളത്തിൽ എണ്ണമറ്റ സേവനങ്ങളുമായി രംഗത്തുണ്ട്.
പ്രദേശികമായി നിലനിൽക്കുന്ന പ്രത്യേക സാഹചര്യങ്ങൾക്കിടയിലും, ബഹ്‌റൈനും മലേഷ്യയും കൈകോർത്ത് 2017 ന് ശേഷം ആദ്യമായി എഫ്-1 മത്സരം സെപാങ് സർക്യൂട്ടിലേക്ക് തിരികെ എത്തിച്ചതിൽ വലിയ ആവേശത്തിലാണ് കായികലോകം. വാരാന്ത്യ റേസിംഗ് പോരാട്ടത്തിന് തൊട്ടുമുമ്പ് പെയ്ത ശക്തമായ മഴയ്ക്കും ആരാധകരുടെ ആവേശം കുറയ്ക്കാനായില്ല.
ബഹ്‌റൈന്റെയും മലേഷ്യയുടെയും കായിക-വിനോദസഞ്ചാര സഹകരണത്തിന്റെ പുതിയ അധ്യായമാണ് ഈ എഫ്-1 വാരാന്ത്യം. ബി.ഐ.സി, ബഹ്‌റൈൻ മോട്ടോർ ഫെഡറേഷൻ (BMF) എന്നിവർ മലേഷ്യൻ മോട്ടോർസ്പോർട്ട് അധികൃതരുമായി സഹകരിച്ചാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയും ഗൾഫ് എയറും ചേർന്നാണ് ബഹ്‌റൈന്റെ തനത് സംസ്കാരവും ആതിഥ്യമര്യാദയും പരിചയപ്പെടുത്തുന്ന വിവിധ പരിപാടികൾ ഒരുക്കിയിരിക്കുന്നത്. റേസ് പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി 561 ബഹ്‌റൈനി മാർഷലുകളും ഒഫീഷ്യലുകളുമാണ് മലേഷ്യയിലെത്തിയിട്ടുള്ളത്.
ഞായറാഴ്ച നടക്കുന്ന 56 ലാപ് റേസിന്റെ സമാപനത്തിൽ വിജയികൾക്ക് ബഹ്‌റൈനിൽ നിന്ന് കൊണ്ടുവന്ന പ്രത്യേക കൊത്തുപണികൾ ചെയ്ത ബഹ്‌റൈൻ ഗ്രാൻഡ് പ്രീ ട്രോഫികൾ സമ്മാനിക്കും. പോഡിയം ആഘോഷങ്ങളിൽ വിജയികൾ പരമ്പരാഗതമായി ബഹ്‌റൈൻ പനിനീർ തളിക്കുന്ന ചടങ്ങും സെപാങ്ങിൽ ഉണ്ടാകും. കൂടാതെ, ബി.ടി.ഇ.എയുടെ നേതൃത്വത്തിൽ സർക്യൂട്ടിൽ സജ്ജീകരിച്ചിരിക്കുന്ന 'ബഹ്‌റൈൻ വില്ലേജ്' കാണികൾക്ക് ബഹ്‌റൈന്റെ തനത് വിഭവങ്ങളും കലയും സംസ്കാരവും അനുഭവിച്ചറിയാൻ അവസരമൊരുക്കുന്നുണ്ട്.
addsass
dqddsdsa

