വ്യാജ സൗദി റിയാൽ കൈവശം വെച്ച കേസ്: ഡ്രൈവർക്ക് ബഹ്റൈനിൽ മൂന്ന് വർഷത്തെ തടവ്
പ്രദീപ് പുറവങ്കര
മനാമ: വ്യാജ 500 സൗദി റിയാൽ നോട്ട് കൈവശം വെക്കുകയും അത് ഉപയോഗിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ബഹ്റൈനി പൗരൻ നൽകിയ അപ്പീൽ ഹൈ ക്രിമിനൽ കോടതി തള്ളി. ഇയാളുടെ മൂന്ന് വർഷത്തെ തടവുശിക്ഷയും 500 ബഹ്റൈനി ദീനാർ പിഴയും കോടതി ശരിവെച്ചു. ഈസ്റ്റ് സിത്ര നിവാസിയും മുൻ ബസ് ഡ്രൈവറുമായ 48-കാരന്റെ ഹർജിയാണ് കോടതി നിരസിച്ചത്.
ഏപ്രിൽ മാസത്തിലാണ് കോടതി ഇയാൾക്ക് ശിക്ഷ വിധിച്ചത്. വ്യാജ കറൻസി അസലാണെന്ന് വരുത്തിത്തീർത്ത് വിപണിയിൽ ഉപയോഗിക്കാൻ ശ്രമിച്ചു എന്നതായിരുന്നു കുറ്റം. സാങ്കേതികപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രതി നൽകിയ ഹർജിയെ തുടർന്ന് വാദം വീണ്ടും കേട്ട ശേഷമാണ് ജഡ്ജിമാർ മുൻ വിധി ശരിവെക്കാൻ തീരുമാനിച്ചത്. മയക്കുമരുന്ന് കൈവശം വെച്ച കേസിൽ അറസ്റ്റിലായപ്പോഴാണ് ഇയാളുടെ പക്കൽ നിന്ന് വ്യാജ സൗദി റിയാൽ കണ്ടെത്തിയത്.
യാത്രക്കാരനായ ഒരു വ്യക്തി നൽകിയ നോട്ടാണെന്നും അബദ്ധത്തിലാണ് ഇത് വാങ്ങി വെച്ചതെന്നും പ്രതി പ്രോസിക്യൂഷനോട് പറഞ്ഞെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. ഏകദേശം 50 ദീനാർ മൂല്യമുള്ള 500 റിയാൽ നോട്ട് നൽകിയ യാത്രക്കാരന് ബാക്കി 30 ദീനാർ നൽകിയെന്നായിരുന്നു ഇയാളുടെ വാദം. എന്നാൽ, സാധാരണക്കാരെ എളുപ്പത്തിൽ പറ്റിക്കാൻ പാകത്തിലുള്ള സാങ്കേതിക മികവോടെ പ്രിന്ററും സ്കാനറും ഉപയോഗിച്ച് അച്ചടിച്ചതാണ് ഈ വ്യാജ നോട്ടെന്ന് ഫോറൻസിക് വിദഗ്ദ്ധരും സി.ഐ.ഡി ഉദ്യോഗസ്ഥരും കോടതിയെ അറിയിച്ചു.
മുമ്പും വ്യാജ കറൻസിയുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ട വ്യക്തിയാണ് പ്രതിയെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. ലഹരിമരുന്ന് കൈവശം വെച്ച കേസിൽ ഇയാൾക്ക് മൂന്ന് മാസത്തെ തടവും 100 ദീനാർ പിഴയും വേറെയും ലഭിച്ചിട്ടുണ്ട്. ബഹ്റൈൻ പീനൽ കോഡ് അനുസരിച്ച് രാജ്യത്ത് പ്രചാരത്തിലുള്ള വ്യാജ കറൻസികൾ കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്. സൗദി റിയാൽ ബഹ്റൈനിൽ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ ഈ നിയമം ഇതിനും ബാധകമാണ്.
#Bahrain #BahrainCourt #CounterfeitCurrency #4PMNews
dsdsdfsdfs

