വ്യാജ വിവരങ്ങൾ നൽകി തട്ടിപ്പ്: വ്യവസായിക്ക് 15 വർഷം തടവും 30,000 ദിനാർ പിഴയും വിധിച്ച് ബഹ്‌റൈൻ കോടതി
പ്രദീപ് പുറവങ്കര
മനാമ: നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനത്തിൽ വ്യാജ വിവരങ്ങൾ നൽകി തട്ടിപ്പ് നടത്തിയ കേസിൽ അൻപതുകാരനായ വ്യവസായിക്ക് 15 വർഷം തടവും 30,000 ദിനാർ പിഴയും വിധിച്ച് കോടതി. 35 ഓളം പേരെ ബാധിച്ച മൂന്ന് വ്യത്യസ്ത കേസുകളിലാണ് വിധി.
പണവും കടങ്ങളും തിരിച്ചുപിടിക്കുന്നതിനുള്ള നിയമനടപടികളുടെ ഭാഗമായി ഇയാൾ എതിർകക്ഷികളുടെ ഫോൺ നമ്പറുകൾക്ക് പകരം സ്വന്തം നിയന്ത്രണത്തിലുള്ള നമ്പറുകളാണ് മന്ത്രാലയത്തിന്റെ സിസ്റ്റത്തിൽ നൽകിയിരുന്നത്. ഇതുമൂലം കേസിനെക്കുറിച്ചുള്ള ഔദ്യോഗിക നിയമ നോട്ടീസുകൾ യഥാർത്ഥ വ്യക്തികളിലേക്ക് എത്താതിരിക്കുകയും, ഇയാൾക്ക് അനുകൂലമായി നടപടികൾ പൂർത്തിയാക്കാൻ സാധിക്കുകയും ചെയ്തു.
12, 14, 9 എന്നിങ്ങനെ ആകെ 35 പേരെയാണ് ഈ മൂന്ന് കേസുകളിലായി ഇയാൾ വഞ്ചിച്ചത്. ഇതിൽ ഒരു കേസിൽ രണ്ടാം പ്രതിയുടെ പങ്കാളിത്തവും തെളിഞ്ഞിട്ടുണ്ട്. ആദ്യ കേസിൽ രണ്ട് പ്രതികൾക്കും അഞ്ച് വർഷം തടവും 10,000 ദിനാർ വീതം പിഴയും കോടതി വിധിച്ചു. മറ്റ് രണ്ട് കേസുകളിലായി വ്യവസായിക്ക് അഞ്ച് വർഷം വീതം തടവും 10,000 ദിനാർ വീതം പിഴയും അധികമായി ലഭിച്ചു. ഇതോടെയാണ് ഇയാളുടെ ആകെ ശിക്ഷ 15 വർഷ തടവും 30,000 ദിനാർ പിഴയുമായി ഉയർന്നത്.
dfgdfg

