മെസ്സി ഫുട്ബോൾ ടീം സ്പോൺസർ തട്ടിപ്പ്: ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതിയെന്ന് പോലീസ്; മാധ്യമ സ്ഥാപന ഓഫീസിലും വീടുകളിലും റെയ്ഡ്
ഷീബ വിജയൻ
കൊച്ചി: അർജന്റീന ഫുട്ബോൾ ടീമിന്റെയും ലയണൽ മെസ്സിയുടെയും സന്ദർശനവുമായി ബന്ധപ്പെട്ട സ്പോൺസർ തട്ടിപ്പുകേസിൽ ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്ന് അവകാശപ്പെട്ട് സംസ്ഥാന സർക്കാരിനെ വഞ്ചിച്ചതിനാണ് കളമശ്ശേരി പോലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്തത്.
കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡാണ് രണ്ടാം പ്രതി. മറ്റു പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തുകയും, അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ഉണ്ടാക്കിയ കരാറിൽ വ്യാജവും നിയമവിരുദ്ധവുമായ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് സർക്കാരിനെയും മറ്റുള്ളവരെയും വഞ്ചിച്ച് അന്യായലാഭം ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും എഫ്.ഐ.ആറിൽ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (S.I.T) ആന്റോയുടെ വീട്ടിലും റിപ്പോർട്ടർ ടിവിയുടെ കളമശ്ശേരി ഓഫീസിലുമടക്കം അഞ്ചിടങ്ങളിൽ മിന്നൽ പരിശോധന നടത്തി. മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട പ്രധാന ഫയലുകൾ പിടിച്ചെടുക്കുന്നതിനായിട്ടായിരുന്നു പരിശോധന.
അതേസമയം, 2026 ഓഗസ്റ്റ് 31-ന് അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മെസ്സി, ഒക്ടോബർ 6-ന് ബ്യൂണസ് അയേഴ്സിൽ ബെനിനെതിരെ നടക്കുന്ന വിടവാങ്ങൽ മത്സരത്തിൽ അവസാനമായി അർജന്റീനയ്ക്കായി കളത്തിലിറങ്ങും. സെപ്റ്റംബർ 30 മുതൽ സ്വന്തം മണ്ണിൽ നടക്കുന്ന മൂന്ന് സൗഹൃദ മത്സരങ്ങൾക്കുള്ള പ്രാഥമിക ടീമിൽ പരിശീലകൻ ലയണൽ സ്കലോണി മെസ്സിയെ ഉൾപ്പെടുത്തിയതായി അർജന്റീന ഫുട്ബോൾ അസോസിയേഷൻ സ്ഥിരീകരിച്ചു.
adfsdsdscf

