ശൂറ കൗൺസിലിന്റെ 24 വർഷത്തെ നിയമനിർമ്മാണ ചരിത്രം ഡിജിറ്റലാക്കി ബഹ്‌റൈൻ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ ശൂറ കൗൺസിലിന്റെ 24 വർഷത്തെ നിയമനിർമ്മാണ ചരിത്രവും വിവരങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്ന സമഗ്രമായ സ്മാർട്ട് ഡിജിറ്റൽ സംവിധാനം സജ്ജമായി. വിദേശ ഏജൻസികളുടെയോ സ്വകാര്യ കമ്പനികളുടെയോ സഹായമില്ലാതെ, കൗൺസിലിന്റെ ജനറൽ സെക്രട്ടറിയേറ്റിലെ ബഹ്‌റൈനി ഉദ്യോഗസ്ഥർ രണ്ട് വർഷത്തോളം നീണ്ട പ്രയത്നത്തിലൂടെയാണ് ഇത് വികസിപ്പിച്ചെടുത്തത്.
2002 മുതലുള്ള ആറ് ലെജിസ്ലേറ്റീവ് കാലയളവുകളിൽ ചർച്ച ചെയ്യപ്പെടുകയും പാസാക്കപ്പെടുകയും ചെയ്ത എല്ലാ നിയമങ്ങളുടെയും ഉത്തരവുകളുടെയും വിവരങ്ങൾ ഇതിൽ ലഭ്യമാണ്. ഒരു നിയമത്തിന്റെ ആദ്യഘട്ട ചർച്ചകൾ മുതൽ അത് പ്രാബല്യത്തിൽ വരുന്നത് വരെയുള്ള മുഴുവൻ നാൾവഴികളും ഇനി ഒറ്റ ക്ലിക്കിലൂടെ ട്രാക്ക് ചെയ്യാനാകും. അറബ് ലോകത്ത് നിയമനിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും ഡിജിറ്റൈസ് ചെയ്യുന്ന ആദ്യത്തെ സ്മാർട്ട് സംവിധാനമാണിതെന്ന് ജനറൽ സെക്രട്ടറി കരീമ അൽ അബ്ബാസി വ്യക്തമാക്കി.
പൊതുജനങ്ങൾക്കും ഗവേഷകർക്കും നിയമ വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് ഈ പ്ലാറ്റ്‌ഫോം. ഒരു കരട് നിയമം പാർലമെന്റിലും കൗൺസിലിലും എങ്ങനെ മാറ്റങ്ങൾക്ക് വിധേയമാകുന്നുവെന്നും ചില നിർദ്ദേശങ്ങൾ എന്തുകൊണ്ട് നിയമമായി മാറുന്നില്ലെന്നും ജനങ്ങൾക്ക് വ്യക്തമായി മനസ്സിലാക്കാൻ ഇത് സഹായിക്കുമെന്ന് പബ്ലിക് അഡ്മിനിസ്ട്രേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് അഡ്വൈസർ ഫൈസൽ അൽ ശൈഖ് പറഞ്ഞു. സർവകലാശാലാ വിദ്യാർത്ഥികൾക്ക് പഴയ മീറ്റിംഗ് മിനിറ്റ്സുകളും ചർച്ചകളും പരിശോധിച്ച് നിയമപരമായ ഗവേഷണങ്ങൾ നടത്താൻ ഇത് ഉപകരിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ബഹ്‌റൈൻ ലോ കോളേജ് ഡയറക്ടർ ഡോ. വഫാ ജനാഹി കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര ജനാധിപത്യ ദിനത്തോടനുബന്ധിച്ച് വിവിധ ജുഡീഷ്യൽ, അക്കാദമിക് പ്രതിനിധികൾക്ക് മുന്നിലാണ് ഈ സംവിധാനം പരിചയപ്പെടുത്തിയത്. ശൂറ കൗൺസിലിന്റെ എ.ഐ അസിസ്റ്റന്റായ 'സനദ്' കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതാണ് പദ്ധതിയുടെ അടുത്ത ഘട്ടമെന്ന് അധികൃതർ അറിയിച്ചു.
sdfsdf

