ഭീകരവാദത്തിന് സാമ്പത്തിക സഹായം: മൂന്ന് പേർക്ക് തടവുശിക്ഷയും ഒരു ലക്ഷം ദിനാർ വരെ പിഴയും വിധിച്ച് ബഹ്‌റൈൻ കോടതി


പ്രദീപ് പുറവങ്കര

മനാമ: ഭീകര സംഘടനയിൽ അംഗങ്ങളാകുകയും അതിന് സാമ്പത്തിക സഹായം നൽകുകയും രാജ്യത്തിനെതിരെ അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്ത കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി കണ്ടെത്തി. പൊതുമുതൽ നശിപ്പിച്ചതിനും അക്രമങ്ങൾ കാട്ടിയതിനും ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് ആറ് മാസം മുതൽ മൂന്ന് വർഷം വരെ തടവുശിക്ഷയാണ് കോടതി വിധിച്ചത്.

ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. പ്രതികൾ ഭീകര സംഘടനയ്ക്കുള്ളിൽ വിവിധ ചുമതലകൾ വഹിച്ചിരുന്നതായും സംഘടനയിലെ അംഗങ്ങൾക്ക് നൽകാനായി പണം കൈപ്പറ്റുകയും കൈമാറുകയും ചെയ്തതായി അന്വേഷണത്തിൽ തെളിഞ്ഞു. കൂടാതെ അക്രമ സംഭവങ്ങളിലും പൊതുമുതൽ നശിപ്പിക്കുന്നതിലും ചിലർ നേരിട്ട് പങ്കാളികളായിരുന്നു.

പ്രതികളെ വിശദമായി ചോദ്യം ചെയ്ത പബ്ലിക് പ്രോസിക്യൂഷൻ, സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുകയും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. പരിശോധനാ ഫലങ്ങൾ അന്വേഷണ നിഗമനങ്ങളെ ശരിവെക്കുന്നതായിരുന്നു.

പ്രതികളുടെ നിയമപരമായ അവകാശങ്ങളും പ്രതിരോധിക്കാനുള്ള സൗകര്യങ്ങളും പൂർണ്ണമായി ഉറപ്പാക്കിക്കൊണ്ടാണ് ഹൈ ക്രിമിനൽ കോടതി കേസ് വിചാരണ ചെയ്തത്. തടവുശിക്ഷയ്ക്ക് പുറമേ ചില പ്രതികൾക്ക് ലക്ഷം ദിനാർ വരെ പിഴയും, പിടിച്ചെടുത്ത പണവും സാമഗ്രികളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed