അറേബ്യൻ ട്രാവൽ മാർക്കറ്റിലെ ബഹ്‌റൈൻ പവലിയൻ സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
പ്രദീപ് പുറവങ്കര
ദുബായ്: അറേബ്യൻ ട്രാവൽ മാർക്കറ്റിൽ (എ.ടി.എം) ഒരുക്കിയ ബഹ്‌റൈൻ പവലിയൻ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശിച്ചു. ബഹ്‌റൈൻ ടൂറിസം മന്ത്രി ഫാത്തിമ ബിന്ത് ജാഫർ അൽ സൈറഫി അദ്ദേഹത്തെ സ്വീകരിച്ചു. ഷെയ്ഖ് മുഹമ്മദിന്റെ സന്ദർശനം ബഹ്‌റൈനും യു.എ.ഇയും തമ്മിലുള്ള ദീർഘകാല ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.
മേളയിൽ അവതരിപ്പിച്ചിരിക്കുന്ന ബഹ്‌റൈനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചും സവിശേഷമായ അനുഭവങ്ങളെക്കുറിച്ചും ഷെയ്ഖ് മുഹമ്മദ് ചോദിച്ചറിഞ്ഞു. ബഹ്‌റൈനെ പ്രമേഖലാ-ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളെക്കുറിച്ചും സംരംഭങ്ങളെക്കുറിച്ചും അദ്ദേഹത്തിന് വിശദീകരിച്ചു നൽകി.
ബഹ്‌റൈന്റെ ടൂറിസം മേഖലയെ പരിചയപ്പെടുത്താനും ആഗോള ട്രാവൽ-ടൂറിസം മേഖലയിലെ പ്രമുഖരുമായി ബന്ധം സ്ഥാപിക്കാനും എ.ടി.എം മികച്ച അവസരമാണ് നൽകുന്നതെന്ന് മന്ത്രി അൽ സൈറഫി വ്യക്തമാക്കി. ജി.സി.സി രാജ്യങ്ങൾ തമ്മിൽ ടൂറിസം മേഖലയിലെ സഹകരണം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യവും അവർ ഊന്നിപ്പറഞ്ഞു. രാജ്യാന്തര തലത്തിൽ ടൂറിസം വിപണനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ബഹ്‌റൈൻ മേളയിൽ പങ്കെടുത്തത്.
sfdsf

