അമേരിക്കയും ബഹ്‌റൈനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായി മുന്നോട്ട്: യു.എസ് അംബാസഡർ സ്റ്റെഫാനി ഹാല്ലെറ്റ്
പ്രദീപ് പുറവങ്കര
മനാമ: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യവാർഷിക വേളയിൽ ബഹ്‌റൈനുമായുള്ള ദീർഘകാല പങ്കാളിത്തവും സഹകരണവും പുനരവതരിപ്പിച്ച് യു.എസ് അംബാസഡർ സ്റ്റെഫാനി ഹാല്ലെറ്റ്. അമേരിക്ക ബഹ്‌റൈനൊപ്പം മുൻപുമുണ്ടായിരുന്നു, ഇപ്പോഴുമുണ്ട്, ഇനിയും ഇവിടെത്തന്നെയുണ്ടാകുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉറച്ച അടിത്തറയിലാണ് പടുത്തുയർത്തിയിരിക്കുന്നതെന്നും മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ അംബാസഡർ വ്യക്തമാക്കി.
മേഖലയിലെ സുരക്ഷ, പ്രതിരോധം, സാമ്പത്തിക വളർച്ച എന്നിവയിൽ ഇരുരാജ്യങ്ങളും നടത്തുന്ന സഹകരണം സമാനതകളില്ലാത്തതാണെന്ന് അവർ ചൂണ്ടിക്കാട്ടി. നിർണായക ധാതുക്കൾ, ബഹിരാകാശ ഗവേഷണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സിവിൽ ആണവ സഹകരണം തുടങ്ങിയ പുതിയ മേഖലകളിലേക്ക് ഈ പങ്കാളിത്തം വികസിക്കുകയാണെന്നും അംബാസഡർ വ്യക്തമാക്കി.
ബഹ്‌റൈൻ രാജാവിന്റെ വ്യക്തിഗത പ്രതിനിധി ഹിസ് ഹൈനസ് ശൈഖ് അബ്ദുള്ള ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സ്വീകരണ ചടങ്ങിലാണ് അവർ സംസാരിച്ചത്. അമേരിക്കൻ മിഷനറിമാരുടെ വരവ്, എണ്ണ ഖനനത്തിലെ അമേരിക്കൻ വിദഗ്ദ്ധരുടെ പങ്കാളിത്തം മുതൽ ഇവിടുത്തെ ആധുനിക സഹകരണം വരെയുള്ള ദീർഘകാല ചരിത്രം അവർ ഓർമ്മിപ്പിച്ചു. സി-സിപ്പ (C-SIPA) കരാർ, അബ്രഹാം ഉടമ്പടി, ഐക്യരാഷ്ട്രസഭയിലെ സംയുക്ത പ്രവർത്തനങ്ങൾ എന്നിവയിലൂടെ മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ ഇരുരാജ്യങ്ങളും മുൻപന്തിയിലുണ്ട്.
സ്വതന്ത്ര വ്യാപാര കരാറിന്റെ അടുത്ത 20 വർഷങ്ങളിലേക്ക് കടക്കുമ്പോൾ വ്യാപാര രംഗത്ത് വലിയ വളർച്ചയ്ക്ക് സാധ്യതയുണ്ടെന്നും 2025-ൽ ഉഭയകക്ഷി വ്യാപാരം ഏകദേശം 4 ബില്യൺ ഡോളറിലെത്തിയെന്നും അംബാസഡർ അറിയിച്ചു. ഫുൾബ്രൈറ്റ്, ഹംഫ്രി ഫെലോഷിപ്പുകൾ പോലുള്ള വിദ്യാഭ്യാസ-സാംസ്കാരിക കൈമാറ്റങ്ങളും ജനങ്ങൾ തമ്മിലുള്ള ഊഷ്മള ബന്ധവുമാണ് ഈ നയതന്ത്ര സഹകരണത്തിന്റെ കാതൽ എന്ന് ഊന്നിപ്പറഞ്ഞുകൊണ്ടാണ് അവർ സന്ദേശം അവസാനിപ്പിച്ചത്.
fsdf

