ഓസോൺ പാളി സംരക്ഷണത്തിലും ഊർജ്ജ കാര്യക്ഷമതയിലും ശക്തമായ നടപടികളുമായി ബഹ്‌റൈൻ
പ്രദീപ് പുറവങ്കര
മനാമ: കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനും സുസ്ഥിരമായ തണുപ്പിക്കൽ സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിനുമൊപ്പം ഓസോൺ പാളിയുടെ സംരക്ഷണത്തിനായി ബഹ്‌റൈൻ ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ബഹ്‌റൈൻ രാജാവിന്റെ വ്യക്തിഗത പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് പ്രസിഡന്റുമായ ഹിസ് ഹൈനസ് ശൈഖ് അബ്ദുള്ള ബിൻ ഹമദ് അൽ ഖലീഫ വ്യക്തമാക്കി.
ലോക ഓസോൺ ദിനാചരണത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓസോൺ സംരക്ഷണത്തെ കാലാവസ്ഥാ ലക്ഷ്യങ്ങളുമായും ഊർജ്ജ കാര്യക്ഷമതയുള്ള സാങ്കേതികവിദ്യകളുമായും ബന്ധിപ്പിച്ചുകൊണ്ടുള്ള സംയോജിത സമീപനമാണ് ബഹ്‌റൈൻ സ്വീകരിക്കുന്നത്. മൊൺട്രിയൽ പ്രോട്ടോക്കോളിന്റെ കിഗാലി ഭേദഗതിയുടെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് ഇത്തവണത്തെ ഓസോൺ ദിനം കടന്നുവരുന്നത്.
ഹൈഡ്രോക്ലോറോഫ്ലൂറോകാർബണുകളുടെ ഉപയോഗം ഘട്ടങ്ങളായി കുറച്ചുകൊണ്ടുവരുന്നതിനുള്ള ദേശീയ തന്ത്രത്തിന്റെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തിന് ബഹ്‌റൈൻ തുടക്കമിട്ടിട്ടുണ്ട്. 2030-ഓടെ എച്ച്.സി.എഫ്.സികളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനുപുറമേ, 2026-2028 കാലയളവിലേക്കുള്ള 'ബഹ്‌റൈൻ നാഷണൽ കൂളിംഗ് പ്ലാൻ' തയ്യാറാക്കി വരികയാണെന്നും 2047 വരെയുള്ള ദീർഘകാല ലക്ഷ്യങ്ങളോടെയായിരിക്കും ഇത് നടപ്പിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാരിസ്ഥിതിക നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്നും സുരക്ഷിതവും ഊർജ്ജക്ഷമതയുള്ളതുമായ സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര പാരിസ്ഥിതിക ഉത്തരവാദിത്തങ്ങളോടും സുസ്ഥിര വികസനത്തോടുമുള്ള ബഹ്‌റൈന്റെ പ്രതിബദ്ധത ആവർത്തിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
asdasd

