ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് ജനറൽ കമാൻഡ് സന്ദർശിച്ച് കിരീടാവകാശി
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്) ജനറൽ കമാൻഡ് സന്ദർശിച്ചു.
രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിൽ ബി.ഡി.എഫ് ഉദ്യോഗസ്ഥരുടെ അർപ്പണബോധത്തെയും ഉയർന്ന സജ്ജീകരണങ്ങളെയും പോരാട്ട വീര്യത്തെയും സന്ദർശനവേളയിൽ കിരീടാവകാശി പ്രശംസിച്ചു. രാജ്യത്തിന്റെ സ്ഥിരതയും സുരക്ഷിതത്വവും ഉറപ്പാക്കാൻ സൈനിക, സുരക്ഷാ, സിവിലിയൻ വിഭാഗങ്ങൾ ഒന്നിച്ച് നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ഡി.എഫ്, നാഷണൽ ഗാർഡ്, ആഭ്യന്തര മന്ത്രാലയം തുടങ്ങി വിവിധ സുരക്ഷാ സിവിലിയൻ വിഭാഗങ്ങൾ രാജ്യരക്ഷയ്ക്കായി നൽകുന്ന സേവനങ്ങൾക്ക് എച്ച്.ആർ.എച്ച് പ്രിൻസ് സൽമാൻ നന്ദി അറിയിച്ചു.
സൈന്യത്തിന്റെ ആയുധശേഖരവും വിവിധ യൂണിറ്റുകളും നവീകരിക്കുന്നതിനും, സൈനികരുടെ ശേഷിയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള തന്ത്രപ്രധാനമായ പദ്ധതികളെക്കുറിച്ച് സന്ദർശനവേളയിൽ അദ്ദേഹത്തെ വിശദീകരിച്ചു. ബി.ഡി.എഫ് കൈവരിച്ച മികച്ച നേട്ടങ്ങൾക്ക് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫയുടെ നിരന്തരമായ പരിശ്രമങ്ങൾക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.
രാജ്യത്തോടുള്ള അർപ്പണബോധത്തിനും സേവനത്തിനും ബി.ഡി.എഫിലെ മുഴുവൻ ഉദ്യോഗസ്ഥരെയും അഭിനന്ദിച്ച കിരീടാവകാശി, രാജ്യത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്ന എല്ലാ സൈനികർക്കും ഭാവിയിൽ കൂടുതൽ വിജയങ്ങൾ ആശംസിച്ചു.
dfgdfg

