ഇന്ത്യൻ ലേഡീസ് അസോസിയേഷൻ 70-ാം വാർഷികാഘോഷം: 'ഇന്ത്യ അൺപ്ലഗ്ഗ്ഡ് സീസൺ 2' ക്വിസ് മത്സരം ശ്രദ്ധേയമായി
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ (ഐ.എൽ.എ) സംഘടിപ്പിച്ച 'ഇന്ത്യ അൺപ്ലഗ്ഗ്ഡ്' ക്വിസ് മത്സരത്തിന്റെ രണ്ടാം പതിപ്പ് ദാന മോൾ എപിക്സ് സിനിമാസിൽ വെച്ച് പ്രൗഢ ഗംഭീരമായി നടന്നു. ഐ.എൽ.എ രൂപീകരണത്തിന്റെ 70-ാം വാർഷികത്തോടും ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടും അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ നൂറിലധികം മത്സരപ്രതിഭകളും ക്വിസ് പ്രേമികളും പങ്കെടുത്തു.
ഇന്ത്യയുടെ സമഗ്രമായ ചരിത്രം, സംസ്കാരം, പ്രമുഖ വ്യക്തിത്വങ്ങൾ, വർത്തമാനകാല സംഭവങ്ങൾ എന്നിവയെ ആസ്പദമാക്കി മൂന്നംഗ സംഘങ്ങൾക്കായിട്ടാണ് മത്സരം നടത്തിയത്. 15 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി സംഘടിപ്പിച്ച മത്സരത്തിൽ വിദ്യാർത്ഥികളും കുടുംബങ്ങളും ഉൾപ്പെടെ 35 ടീമുകളിലായി 105 പേർ മാറ്റുരച്ചു. എഴുത്തുപരീക്ഷ അടങ്ങിയ പ്രാഥമിക റൗണ്ടിൽ നിന്ന് ഏറ്റവും ഉയർന്ന സ്കോർ നേടിയ ആറ് ടീമുകളാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഓഡിയോ, വിഷ്വൽ, റൈമിംഗ് വെല്ലുവിളികൾ ഉൾപ്പെടുത്തിയ എട്ട് ആവേശകരമായ റൗണ്ടുകളിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.
എയർ ഇന്ത്യ ബഹ്റൈൻ കൺട്രി മാനേജർ ജിഗ്നേഷ് പുരോഹിത് മുഖ്യാതിഥിയായും എപിക്സ് സിനിമാസിലെ സുജയ് ഉച്ചിൽ വിശിഷ്ടാതിഥിയായും പങ്കെടുത്തു. അരുൾദാസ് തോമസ്, ഷാമ ഉച്ചിൽ എന്നിവർ ക്വിസ് മാസ്റ്റർമാരായി പരിപാടി നയിച്ചു. ചടങ്ങിൽ സ്വാഗതം ആശംസിച്ച ഐ.എൽ.എ പ്രസിഡന്റ് സ്മിത ജെൻസൻ, സംഘടനയുടെ 70 വർഷത്തെ സേവന പാരമ്പര്യത്തെക്കുറിച്ചും ഇന്ത്യ അൺപ്ലഗ്ഗ്ഡ് മത്സരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. ഭാഷാ-പ്രദേശ ഭേദമന്യേ പ്രവാസികളെ ഒന്നിപ്പിക്കുന്നതിനും ഇന്ത്യൻ പാരമ്പര്യം വരുംതലമുറയ്ക്ക് പകരുന്നതിനും ഇത്തരം പരിപാടികൾ സഹായിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
വാശിയേറിയ മത്സരത്തിനൊടുവിൽ ഒന്നാം സ്ഥാനം നേടിയ 'ദി ട്രൈ കളർ ട്രിയോ' (സിൽവൻ വർഗീസ്, ജോയൽ ഇന്ദ്രുപതി, ഊർമിള ബോർഡെ) 1,000 യു.എസ് ഡോളർ സ്വന്തമാക്കി. രണ്ടാം സ്ഥാനക്കാരായ 'ടീം എ.എ.ജി' (ഗായത്രി വിശ്വനാഥ്, അമിത് ചൗധരി, അനിത മേനോൻ) 500 യു.എസ് ഡോളറും, മൂന്നാം സ്ഥാനം നേടിയ 'രാജസ്ഥാൻ റോയൽസ്' (ശിഖ അഗർവാൾ, വിവേക് അഗർവാള, സുചിത മന്ഥന) 300 യു.എസ് ഡോളറും സമ്മാനമായി നേടി. കൂടാതെ മത്സരത്തിൽ പങ്കെടുത്ത മികച്ച അഞ്ച് വനിതാ ടീമുകൾക്ക് പ്രത്യേക സമ്മാനങ്ങളും നൽകി.
റേഡിയോ മിർച്ചി 104.2 എഫ്.എം, എപിക്സ് സിനിമാസ്, ഐ.സി.എ.ഐ ബഹ്റൈൻ ചാപ്റ്റർ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സാജ ബ്യൂട്ടി, ന്യൂ ഹൊറൈസൺ സ്കൂൾ, സ്പേസ് & സ്റ്റൈൽ ഇന്റീരിയർ ഡിസൈൻ സ്റ്റുഡിയോ, കലാകേന്ദ്രം ആർട്സ് സെന്റർ, ആർ സ്ക്വയർ ടെക്നോളജീസ്, ബി.ബി.കെ എന്നിവർ മറ്റ് പ്രായോജകരായിരുന്നു. വരും വർഷങ്ങളിലും കൂടുതൽ വിപുലമായി പരിപാടി സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
adsassads

