വാഹനങ്ങളുടെ മുൻസീറ്റിൽ കുട്ടികളെ ഇരുത്തിയാൽ കർശന നടപടി: മുന്നറിയിപ്പുമായി ട്രാഫിക് അതോറിറ്റി
പ്രദീപ് പുറവങ്കര
മനാമ: വാഹനങ്ങളുടെ മുൻസീറ്റുകളിൽ കുട്ടികളെ ഇരുത്തി യാത്ര ചെയ്യുന്നത് നിയമലംഘനമാണെന്നും ഗുരുതരമായ സുരക്ഷാ ഭീഷണിയാണെന്നും ഓർമ്മിപ്പിച്ച് ബഹ്‌റൈൻ ട്രാഫിക് ഡയറക്ടറേറ്റ്. വീടുകളിലും റോഡുകളിലും വാഹനങ്ങൾക്കുള്ളിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ രക്ഷിതാക്കൾക്കും രക്ഷാകർത്താക്കൾക്കും പൂർണ്ണ ഉത്തരവാദിത്തമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോഴോ അപകടങ്ങൾ സംഭവിക്കുമ്പോഴോ മുൻസീറ്റിലിരിക്കുന്ന കുട്ടികൾക്ക് ഗുരുതരമായ പരിക്കേൽക്കാനോ ജീവൻ തന്നെ അപകടത്തിലാകാനോ സാധ്യതയേറെയാണ്. അതിനാൽ കുട്ടികളെ പിൻസീറ്റുകളിൽ നിർദ്ദിഷ്ട ചൈൽഡ് സീറ്റുകളിലോ സുരക്ഷാ ബെൽറ്റുകൾ ഉപയോഗിച്ചോ മാത്രം ഇരുത്തി യാത്ര ചെയ്യാൻ നിർദ്ദേശമുണ്ട്.
2014-ലെ 23-ാം നമ്പർ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 45 പ്രകാരം, 10 വയസ്സിന് താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തി വാഹനം ഓടിച്ചാൽ 20 ബി.ഡി മുതൽ 100 ബി.ഡി വരെ പിഴ ലഭിക്കും. നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചുള്ള ചൈൽഡ് സീറ്റുകൾ ഉപയോഗിക്കാതിരുന്നാലും ഇതേ പിഴ ബാധകമാണ്. മുൻപ് ശിക്ഷിക്കപ്പെട്ട് ഒരു വർഷത്തിനുള്ളിൽ ഇതേ കുറ്റം ആവർത്തിച്ചാൽ ഈ പിഴത്തുക ഇരട്ടിയാകും.
കൂടാതെ, ആർട്ടിക്കിൾ 39 പ്രകാരം 10 വയസ്സിൽ താഴെയുള്ള കുട്ടികളെ മുൻസീറ്റിലിരുത്തി യാത്ര ചെയ്താൽ ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം മുതൽ 60 ദിവസം വരെ സസ്പെൻഡ് ചെയ്യാനും അധികൃതർക്ക് അധികാരമുണ്ട്.
2015-ലെ 154-ാം നമ്പർ മന്ത്രിതല തീരുമാനത്തിലെ ആർട്ടിക്കിൾ 22 പ്രകാരവും വാഹനം ഓടിക്കുമ്പോൾ 10 വയസ്സിന് താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുള്ളതാണ്. റോഡപകടങ്ങളിൽ കുട്ടികൾക്ക് പരിക്കേൽക്കാനുള്ള സാധ്യത കുറയ്ക്കാനും റോഡ് സുരക്ഷ ശക്തിപ്പെടുത്താനുമാണ് ഈ നടപടികളിലൂടെ ട്രാഫിക് ഡയറക്ടറേറ്റ് ലക്ഷ്യമിടുന്നത്.
xcvcxv

