ചാരവൃത്തിയും ഭീകരപ്രവർത്തനവും: രണ്ട് പേർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി


പ്രദീപ് പുറവങ്കര

മനാമ: ചാരവൃത്തി, ഭീകരപ്രവർത്തനങ്ങൾ, ബഹ്‌റൈനെതിരായ ശത്രുതാപരമായ നിലപാടുകൾക്ക് പിന്തുണ നൽകൽ തുടങ്ങിയ കേസുകളിൽ പ്രതികളായവർക്ക് 10 വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ വിധിച്ച് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി.

ഇറാനിയൻ റെവല്യൂഷണറി ഗാർഡിനും അതിന്റെ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കുന്ന വ്യക്തികൾക്കും വേണ്ടി ചാരവൃത്തി നടത്തുകയും ബഹ്‌റൈന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഭീകരപ്രവർത്തനങ്ങൾക്ക് സഹായം നൽകുകയും ചെയ്ത കേസിൽ രണ്ട് പ്രതികൾക്കാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത സാമഗ്രികൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

ബഹ്‌റൈനെ ലക്ഷ്യമിട്ടുള്ള ഇറാനിയൻ ഭീകരാക്രമണങ്ങളെ പിന്തുണയ്ക്കുകയും പ്രശംസിക്കുകയും ചെയ്യുന്ന സോഷ്യൽ മീഡിയ അക്കൗണ്ടിനെക്കുറിച്ച് സൈബർ ക്രൈം ഡയറക്ടറേറ്റിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതോടെയാണ് കേസിന്റെ അന്വേഷണം ആരംഭിച്ചതെന്ന് ഭീകരവിരുദ്ധ പ്രൊസിക്യൂഷൻ ഡെപ്യൂട്ടി ചീഫ് അറിയിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്യത്ത് നിന്ന് ഓടിരക്ഷപ്പെട്ട മറ്റൊരു പ്രതിയുമായി ബന്ധപ്പെട്ടിരുന്നതായും ബഹ്‌റൈനിലെ സുപ്രധാന ലൊക്കേഷനുകളും വിവരങ്ങളും ഇയാൾ കൈമാറിയിരുന്നതായും ചോദ്യം ചെയ്യലിൽ അറസ്റ്റിലായ പ്രതി സമ്മതിച്ചു.

പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ സാങ്കേതിക വിദഗ്ദ്ധർ പരിശോധിച്ചതിലൂടെ പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ തെളിഞ്ഞു. നിയമപരമായ എല്ലാ മുൻകരുതലുകളും പ്രതിഭാഗത്തിന് അഭിഭാഷക സേവനമടക്കമുള്ള അവകാശങ്ങളും ഉറപ്പാക്കിയ ശേഷമാണ് ഹൈ ക്രിമിനൽ കോടതി കേസിൽ വിധി പ്രസ്താവിച്ചത്.

രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയാകുന്ന തരത്തിൽ ശത്രുതാപരമായ ശക്തികളുമായി സഹകരിക്കുന്നവർക്കെതിരെ കർശന നടപടികൾ തുടരുമെന്ന് പബ്ലിക് പ്രൊസിക്യൂഷൻ വ്യക്തമാക്കി.

article-image

dsfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed