മേഖലയിലെ സംഘർഷം: വിമാന സർവീസുകൾ റദ്ദാക്കി വിമാനകമ്പനികൾ


പ്രദീപ് പുറവങ്കര

മനാമ: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥയെ തുടർന്ന് ബഹ്‌റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള സർവീസുകൾ വിവിധ ഗൾഫ് എയർലൈനുകൾ റദ്ദാക്കി. വേനലവധിക്ക് നാട്ടിലേക്കും മറ്റ് രാജ്യങ്ങളിലേക്കും യാത്ര പ്ലാൻ ചെയ്തിരുന്ന നിരവധി പ്രവാസികളെയും വിനോദസഞ്ചാരികളെയും ഇത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

അതേസമയം, ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം നിലവിൽ സാധാരണ നിലയിൽ തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം ഗൾഫ് എയർ സർവീസുകൾ കൃത്യസമയത്ത് സർവീസ് നടത്തുകയും ഫ്ലൈ ദുബായ്, എയർ അറേബ്യ, ഫ്ലൈനാസ്, കുവൈത്ത് എയർവേസ് എന്നിവയുടെ സർവീസുകൾ ഷാർജ, അബുദാബി, ദുബായ്, കുവൈത്ത് സിറ്റി, റിയാദ് എന്നിവിടങ്ങളിൽ നിന്ന് ബഹ്‌റൈനിലേക്ക് എത്തുകയും തിരികെ പോവുകയും ചെയ്തിട്ടുണ്ട്.

എന്നാൽ, ഇത്തിഹാദ് എയർവേസ് ജൂലൈ 25 വരെയുള്ള ബഹ്‌റൈൻ സർവീസുകൾ പൂർണമായി റദ്ദാക്കിയിട്ടുണ്ട്. സാങ്കേതികവും പ്രവർത്തനപരവുമായ കാരണങ്ങളാൽ എമിറേറ്റ്‌സും സർവീസുകൾ നിർത്തിവെച്ചു. ഡച്ച് വിമാനക്കമ്പനിയായ കെഎൽഎം സെപ്റ്റംബർ 6 വരെ ദുബായ്, റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നടത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്.

മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ബ്രിട്ടീഷ് ഫോറിൻ ഓഫീസ് ബഹ്‌റൈനിലേക്കുള്ള യാത്രാ മുന്നറിയിപ്പ് പുതുക്കി. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ പൗരന്മാർക്ക് നിർദ്ദേശം നൽകി. എയർസ്‌പേസുകൾ അടച്ചിടാനും വിമാനങ്ങൾ കൂടുതൽ റദ്ദാക്കാനും സാധ്യതയുള്ളതിനാൽ മിഡിൽ ഈസ്റ്റിലുള്ള ബ്രിട്ടീഷ് പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. മേഖലയിലെ വിമാന സർവീസുകളുടെ പുനരാരംഭം വൈകാൻ സാധ്യതയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, ബഹ്‌റൈൻ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയണിലെ സിവില്‍ വ്യോമയാന ഗതാഗത സംവിധാനങ്ങളെ ലക്ഷ്യമിട്ട് ശത്രുതാപരമായ ഡ്രോൺ ആക്രമണ നീക്കങ്ങൾ ഉണ്ടായതായി ഈ ആഴ്ച ആദ്യം സിവില്‍ ഏവിയേഷൻ അഫയേഴ്‌സ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, സുരക്ഷാ ഏജൻസികളുടെയും അധികൃതരുടെയും തൽക്ഷണ ഇടപെടൽ മൂലം വ്യോമയാന ഗതാഗത സേവനങ്ങളെയും വിമാനങ്ങളുടെ സുരക്ഷിതമായ സഞ്ചാരത്തെയും ഇത് ബാധിച്ചില്ലെന്നും അധികൃതർ വ്യക്തമാക്കി.

article-image

sfadsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed