കേന്ദ്ര ഏജൻസികളെ മുന്നിൽ നിർത്തി രാഷ്ട്രീയ കളി: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ
ഷീബ വിജയൻ
ഇ.ഡി വന്നപ്പോൾ ബി.ജെ.പിയിൽ എത്തിയവരാണ് അസം മുഖ്യമന്ത്രിയും ബംഗാൾ മുഖ്യമന്ത്രിയുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒരാൾ കോൺഗ്രസിന്റെ ആളായിരുന്നു. മറ്റൊരാൾ കോൺഗ്രസിൽ നിന്ന് തൃണൂൽ കോൺഗ്രസിലേക്ക് പോയ ആളായിരുന്നു. ചിട്ടി ഫണ്ടുമായി ബന്ധപ്പെട്ടതായിരുന്നു അവർക്ക് നേരെ വന്ന ഏറ്റവും പ്രധാനപ്പെട്ട കേസ്. കേസിന്റെ ഭാഗമായി ഇഡി വന്നു. ഇവരുടെ ഭാര്യമാരെയും കസ്റ്റഡിയിൽ എടുക്കും എന്ന് വന്നപ്പോൾ അവർ ബിജെപിയോടൊപ്പം ചേർന്നു. ഇതോടെ യാതൊരു കേസുമില്ല, കോടിക്കണക്കിന് രൂപയുടെ കേസ് ഒരുതരത്തിലും മുന്നോട്ടുപോയില്ല. ഇതാണ് ഇഡിയെന്നും അദ്ദേഹം പറഞ്ഞു. ഇനി ഇഡിയുടെ ഭാഗമായി എന്തെല്ലാം കേസാണ് വരാൻ പോകുന്നത് എന്ന് ഞങ്ങൾക്ക് പറയാൻ സാധിക്കില്ല. പല കേസും വരും. ആ കേസുകളെയൊക്കെ അഭിമുഖീകരിച്ചുകൊണ്ട് മുന്നോട്ടേക്ക് പോകും എന്നാണ് പാർട്ടി തീരുമാനിച്ചത്. -അദ്ദേഹം പറഞ്ഞു.
ഓല പാമ്പ് കാണിച്ച് ഭയപ്പെടുത്തുകയൊന്നും വേണ്ട. അതിനൊന്നും വഴങ്ങാൻ മനസ്സില്ല. പഞ്ചാബ് ഗവൺമെന്റിനും തമിഴ്നാട് ഗവൺമെന്റിനും ഇ.ഡി കത്ത് കൊടുത്തിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇനി ഇവിടെ എന്ത് നിലപാടാണ് സ്വീകരിക്കുക എന്നുള്ളത് കേരളം കാണാൻ പോവുകയാണ്. ഇഡിക്ക് 28 പേജുള്ള റിപ്പോർട്ട് ഉണ്ടാക്കാൻ എന്താ പ്രയാസം. 40ഓ 50ഓ പേജ് എഴുതി തയ്യാറാക്കുന്നതിന് എന്താ പ്രയാസം. ഒരു തെളിവുമില്ലാതെ കള്ള കേസ് ഉണ്ടാക്കുക. ആ കേസ് ഉണ്ടാക്കിയിട്ട് രാഷ്ട്രീയമായ പകപോക്കൽ നടത്തുക. ഇതാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെ ശക്തമായി നേരിടും, ഒരു വിട്ടുവീഴ്ചയും വേണ്ട -ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
fsfdsdfds

