സൗദിക്കെതിരായ ഹൂതി ആക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്‌റൈൻ; സുരക്ഷയിൽ പൂർണ്ണ പിന്തുണ
പ്രദീപ് പുറവങ്കര
മനാമ: സൗദി അറേബ്യയിലെ സാധാരണക്കാർക്ക് നേരെയുണ്ടായ ഹൂതി വിമതരുടെ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് ബഹ്‌റൈൻ. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരപരാധികളായ പൗരന്മാർക്ക് പരിക്കേറ്റ സംഭവം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും പരസ്യമായ ലംഘനമാണെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.
ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുന്ന ഹൂതികളുടെ നടപടി മേഖലയിലെ സമാധാനത്തിന് വൻ ഭീഷണിയാണ്. യുഎൻ രക്ഷാസമിതി പ്രമേയങ്ങളായ 2216, 2817 എന്നിവയുടെ ലംഘനമാണിത്. സൗദിയുടെ സുരക്ഷ പൂർണ്ണമായും ഗൾഫ് മേഖലയുടെ സുരക്ഷയാണെന്നും, പരമാധികാരവും പൗരന്മാരെയും സംരക്ഷിക്കാൻ സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബഹ്‌റൈൻ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായും മന്ത്രാലയം വ്യക്തമാക്കി.
ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ച റോയൽ സൗദി എയർ ഡിഫൻസ് ഫോഴ്സിന്റെ കാര്യക്ഷമതയെ ബഹ്‌റൈൻ പ്രശംസിച്ചു. ഷൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സലേഹ് അൽ സലേഹും കൗൺസിൽ ഓഫ് റെപ്രസെന്റേറ്റീവ്സ് സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലമും ആക്രമണത്തെ അപലപിച്ചു. ഹൂതി ഭീഷണികൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
eqwerwreww

