ഈസ ടൗൺ ഇന്റർസെക്ഷനിലെ പുതിയ ഫ്ലൈഓവർ തുറന്നു: ഗതാഗതക്കുരുക്കിന് ശമനമാകും
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തെ സുപ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നിന്റെ ആദ്യഘട്ടം പൂർത്തിയാക്കിക്കൊണ്ട് നോർത്തേൺ ഈസ ടൗൺ ഇന്റർസെക്ഷനിലെ പുതിയ ഫ്ലൈഓവർ പൊതുമരാമത്ത് മന്ത്രി എഞ്ചിനീയർ ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ് ഗതാഗതത്തിനായി ഔദ്യോഗികമായി തുറന്നുകൊടുത്തു.
ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ അധ്യക്ഷനായ വികസന അടിസ്ഥാന സൗകര്യ പദ്ധതികൾക്കായുള്ള മിനിസ്റ്റീരിയൽ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന തന്ത്രപ്രധാന പദ്ധതികളിലൊന്നാണിത്. റിഫ, ആലി, സനദ്, സൽമാബാദ്, ഈസ ടൗൺ എന്നീ പ്രധാന മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകളിലെ ഗതാഗതക്ഷമത വർദ്ധിപ്പിക്കുന്നതിനും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ശൈഖ് സൽമാൻ ഹൈവേയിൽ ഇരുദിശകളിലേക്കും മൂന്ന് വരികൾ വീതമുള്ളതാണ് പുതിയ ഫ്ലൈഓവർ. ഇത് ഈ മേഖലയിലെ ഗതാഗത തടസ്സങ്ങൾക്ക് വലിയ ആശ്വാസമാകും. ഫ്ലൈഓവർ തുറന്നതോടെ പദ്ധതിയുടെ ബാക്കി ഘട്ടങ്ങളുടെ നിർമ്മാണം നിശ്ചിത സമയക്രമം അനുസരിച്ച് തുടരാൻ സാധിക്കും.
പദ്ധതി പൂർണ്ണമായി പൂർത്തിയാകുന്നതോടെ, ക്യാപിറ്റൽ, നോർത്തേൺ, സതേൺ ഗവർണറേറ്റുകളെ ബന്ധിപ്പിക്കുന്ന ഈ തിരക്കേറിയ ജംഗ്ഷനിലൂടെ മണിക്കൂറിൽ 22,000-ത്തിലധികം വാഹനങ്ങൾക്ക് തടസ്സമില്ലാതെ കടന്നുപോകാൻ സാധിക്കും.
ശൈഖ് സൽമാൻ ഹൈവേ, അമ്മാൻ, സൽമാബാദ് റോഡുകൾ എന്നിവ സംഗമിക്കുന്ന ഇന്റർസെക്ഷന്റെ പുനർവികസനമാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. പുതിയ ഫ്ലൈഓവറിന് പുറമെ അമ്മാൻ, സൽമാബാദ് റോഡുകളിലെ ഗതാഗതം സുഗമമാക്കുന്നതിനായി സിഗ്നലുകളോട് കൂടിയ ഗ്രൗണ്ട് ലെവൽ ജംഗ്ഷനുകളും സ്ഥാപിക്കും. മഴവെള്ളക്കാന ശൃംഖലയുടെ നിർമ്മാണം, റോഡ് പുനരുദ്ധാരണം, സൗന്ദര്യവൽക്കരണം, പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്.
പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലും ഉയർന്ന നിലവാരവും സുരക്ഷയും ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി അൽ ഹവാജ് പറഞ്ഞു. നിർമ്മാണ സമയത്തെ ഗതാഗത തിരിച്ചുവിടലുകളോട് സഹകരിച്ച പൗരന്മാർക്കും താമസക്കാർക്കും റോഡ് ഉപയോക്താക്കൾക്കും നന്ദി അറിയിച്ച മന്ത്രി, തുടർന്നുള്ള നിർമ്മാണ ഘട്ടങ്ങളിലും ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അഭ്യർത്ഥിച്ചു.
sdfdsf
sdfsdf

