മണിക്കൂർ അടിസ്ഥാനത്തിൽ അനധികൃതമായി വീട്ടുജോലി; വിദേശ വനിതയ്ക്ക് ബഹ്റൈനിൽ നാടുകടത്തൽ ശിക്ഷ
പ്രദീപ് പുറവങ്കര
മനാമ: വർക്ക് പെർമിറ്റില്ലാതെ മണിക്കൂർ അടിസ്ഥാനത്തിൽ വീട്ടുജോലി ചെയ്തുവന്ന വിദേശ വനിതയ്ക്ക് കീഴ്‌ക്കോടതി വിധിച്ച മൂന്ന് വർഷത്തെ നാടുകടത്തൽ ശിക്ഷയും 10 ദിനാർ പിഴയും ബഹ്‌റൈൻ കോർട്ട് ഓഫ് കസേഷൻ ശരിവെച്ചു. എൽഎംആർഎ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
മണിക്കൂർ അടിസ്ഥാനത്തിൽ ക്ലീനിംഗ് സേവനങ്ങൾ നൽകുന്നതായി വ്യക്തമാക്കിക്കൊണ്ട് ഇൻസ്റ്റാഗ്രാമിൽ നൽകിയ പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് എൽഎംആർഎ അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ യാതൊരുവിധ സാധുവായ വർക്ക് പെർമിറ്റുമില്ലാതെ ജോലി ചെയ്യുന്നതിനിടയിൽ യുവതി പിടിയിലാവുകയായിരുന്നു.
തെളിവുകളുടെ അഭാവമുണ്ടെന്നും വിധി ന്യായമല്ലെന്നും ചൂണ്ടിക്കാട്ടി പ്രതിഭാഗം അഭിഭാഷകൻ നൽകിയ അപ്പീൽ കോർട്ട് ഓഫ് കസേഷൻ തള്ളി. എൽഎംആർഎയുടെ പരിശോധനാ റിപ്പോർട്ടും ചോദ്യം ചെയ്യലിൽ യുവതി നൽകിയ മൊഴികളും കുറ്റം തെളിയിക്കാൻ പര്യാപ്തമാണെന്ന് വ്യക്തമാക്കിയാണ് അപ്പീൽ കോടതി അന്തിമവിധി പ്രഖ്യാപിച്ചത്.
ewwaaaq

