ഇന്ധനവില വർദ്ധനവ്: ബഹ്‌റൈനിൽ വില കുറഞ്ഞ പെട്രോൾ ഇനങ്ങൾ അവതരിപ്പിക്കാൻ ആവശ്യപ്പെട്ട് എംപിമാർ
പ്രദീപ് പുറവങ്കര
മനാമ: ഗൾഫ് മേഖലയിലെ സംഘർഷങ്ങളും ആഗോള എണ്ണവില വർദ്ധനവും മൂലം സാധാരണക്കാരുടെ ബജറ്റ് താളംതെറ്റുന്ന സാഹചര്യത്തിൽ, ബഹ്‌റൈനിൽ വാഹ ഉടമകൾക്ക് കൂടുതൽ വില കുറഞ്ഞ പെട്രോൾ ഇനങ്ങൾ ലഭ്യമാക്കണമെന്ന് പാർലമെന്റ് അംഗങ്ങൾ ആവശ്യപ്പെട്ടു. വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി ചെയർമാൻ ഹസൻ ബുഖമ്മാസിന്റെ നേതൃത്വത്തിലുള്ള അഞ്ച് എംപിമാരാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
നിലവിൽ ലഭ്യമായ 'ജയ്യിദ് 91' (Jayyid 91) പെട്രോളിന്റെ വില കാര്യമായി കുറയ്ക്കുകയോ, അല്ലെങ്കിൽ ഒക്ടേൻ നിരക്ക് കുറഞ്ഞ പുതിയ വില കുറഞ്ഞ പെട്രോൾ ഇനം വിപണിയിൽ അവതരിപ്പിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് പഠനം നടത്തണമെന്ന് എംപിമാർ ആവശ്യപ്പെട്ടു. ബഹ്‌റൈനിലെ നിലവിലെ ഇന്ധന വില അനുസരിച്ച് ജയ്യിദ് 91 ലിറ്ററിന് 0.225 ദിനാറും, മുംതാസ് 95 ലിറ്ററിന് 0.247 ദിനാറുമാണ്. ഒരു ലിറ്ററിന് കേവലം 22 ഫിൽസിന്റെ (50 ലിറ്റർ ടാങ്കിന് 1.100 ദിനാർ മാത്രം) ചെറിയ വ്യത്യാസം മാത്രമുള്ളതിനാൽ, കുറഞ്ഞ നിരക്കിലുള്ള ജയ്യിദ് 91 ഇന്ധനത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാവുകയാണെന്ന് ബുഖമ്മാസ് ചൂണ്ടിക്കാട്ടി.
വടക്കേ അമേരിക്കയിലും പ്രമുഖ ഏഷ്യൻ രാജ്യങ്ങളിലും ഒക്ടേൻ 90-ന് താഴെയുള്ള ഇന്ധനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പരിസ്ഥിതിക്കും വാഹന എൻജിനുകൾക്കും അനുയോജ്യമായ സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇത്തരം വില കുറഞ്ഞ പെട്രോൾ ഇനങ്ങൾ ബഹ്‌റൈനിലും ലഭ്യമാക്കുന്നത് സാധാരണക്കാരായ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
scxcxxzdxz

