ബഹ്‌റൈനിൽ വ്യാജ പോലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോകലും കവർച്ചയും: വിചാരണ തുടങ്ങി
പ്രദീപ് പുറവങ്കര
മനാമ: പോലീസുകാരാണെന്ന് വ്യാജേന ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോവുകയും ബലമായി നിർബന്ധിച്ച് 500 ബഹ്‌റൈനി ദിനാർ കവരുകയും ചെയ്ത കേസിൽ 46-ഉം 32-ഉം വയസ്സുള്ള രണ്ട് പ്രതികളുടെ വിചാരണ ഫസ്റ്റ് ഹൈ ക്രിമിനൽ കോടതി ആരംഭിച്ചു.
ഈ കഴിഞ്ഞ ജൂലൈ 25-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഹൂറയിൽ വെച്ച് ഇരയായ യുവാവിനെ പ്രതികൾ ബലമായി വാഹനത്തിൽ കയറ്റി റാസ് റുമ്മാനിലേക്ക് കൊണ്ടുപോകുകയായിരുന്നു. വഴിമധ്യേ യുവാവിന്റെ മൊബൈൽ ഫോൺ കൈക്കലാക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് രണ്ടാമത്തെ പ്രതി യുവാവിന്റെ വാലറ്റിൽ നിന്ന് 500 ദിനാർ എടുക്കുകയും, ശേഷം ഇയാളെ ഹൂറയിൽ തിരികെ ഇറക്കിവിടുകയുമായിരുന്നു എന്ന് കേസ് രേഖകൾ വ്യക്തമാക്കുന്നു.
സമീപത്തെ സുരക്ഷാ ക്യാമറ ദൃശ്യങ്ങളും പൊലീസിന്റെ അന്വേഷണവുമാണ് പ്രതികളെ തിരിച്ചറിയാൻ സഹായിച്ചത്. പബ്ലിക് പ്രൊസിക്യൂഷൻ ചോദ്യം ചെയ്യലിൽ യുവാവിനെ ഇയാളുടെ ഇഷ്ടത്തിന് വിരുദ്ധമായി തട്ടിക്കൊണ്ടുപോയതായി പ്രതികൾ സമ്മതിച്ചു. വാദമുഖങ്ങൾ കേൾക്കുന്നതിനായി കോടതി കേസ് 2026 സെപ്റ്റംബർ 15-ലേക്ക് മാറ്റി.
zxxadsads

