സൗദി കപ്പലിന് നേരെ ഹൂതി ആക്രമണം: ശക്തമായി അപലപിച്ച് ബഹ്‌റൈൻ


പ്രദീപ് പുറവങ്കര

മനാമ: ചെങ്കടലിൽ സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലിന് നേരെ ഇറാൻ പിന്തുണയുള്ള ഹൂതി മിലിഷ്യ നടത്തിയ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്‌റൈൻ. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ആഗോള സമുദ്ര സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയുമാണെന്ന് ബഹ്‌റൈൻ വ്യക്തമാക്കി.

ആക്രമണത്തെ തുടർന്ന് കപ്പലിന്റെ മുൻഭാഗത്ത് തീപിടിത്തമുണ്ടായെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമ കൺവെൻഷന്റെ (UNCLOS) വ്യക്തമായ ലംഘനമാണ് ഈ സംഭവമെന്ന് ബഹ്‌റൈൻ ചൂണ്ടിക്കാട്ടി. സമുദ്ര ഗതാഗതം, അന്താരാഷ്ട്ര വ്യാപാര പാതകൾ, ആഗോള ഊർജ്ജ വിതരണം എന്നിവയ്ക്ക് ഇത് വലിയ അപകടമുണ്ടാക്കുന്നു.

സൗദി അറേബ്യയോട് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും ദേശീയ താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനായി സൗദി സ്വീകരിക്കുന്ന എല്ലാ നിയമപരമായ നടപടികൾക്കും പിന്തുണ ആവർത്തിച്ചു.

തുടർ ആക്രമണങ്ങൾ തടയുന്നതിനും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും ഐക്യരാഷ്ട്രസഭാ രക്ഷാസമിതി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ബാബ് അൽ-മന്ദബ്, ഹോർമുസ് കടലിടുക്കുകൾ ഉൾപ്പെടെയുള്ള പ്രധാന ജലപാതകളിലെ നാവിക സ്വാതന്ത്ര്യം ഉറപ്പാക്കാൻ ശക്തവും നിർണ്ണായകവുമായ നടപടികൾ അനിവാര്യമാണെന്നും ബഹ്‌റൈൻ പ്രസ്താവനയിൽ വ്യക്തമാക്കി.

article-image

hjghj

You might also like

  • Lulu Exchange
  • Straight Forward

Most Viewed