'അമ്മ'യിൽ ചേരിപ്പോര് രൂക്ഷം: ശ്വേത മേനോനെതിരെ 'പെൺമക്കൾ' വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പടയൊരുക്കം


ശാരിക 

കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ ചേരിപ്പോരും അധികാര തർക്കവും തുടരുന്നതിനിടെ പ്രസിഡന്റ് ശ്വേത മേനോനെതിരെ പടയൊരുക്കം. 'പെൺമക്കൾ' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ശ്വേത മേനോൻ തുടരണമോ തെരഞ്ഞെടുപ്പ് വേണോ എന്നതിൽ അഭിപ്രായ രൂപീകരണത്തിന് ശ്രമം തുടങ്ങിയിരിക്കുന്നത്.

ശ്വേതയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയ അൻസിബ ഹസൻ, ഉഷ ഹസീന, മാലാ പാർവതി തുടങ്ങിയ നടിമാരടക്കം അംഗങ്ങളായ ഗ്രൂപ്പാണിത്. 'അമ്മ' സംഘടനയിലെ സ്ത്രീകളുടെ കൂട്ടായ്മ എന്ന നിലയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്താണ് ഈ ഗ്രൂപ്പ് രൂപീകരിച്ചത്. സംഘടനയിലെ തർക്കങ്ങളും വിരുദ്ധ നിലപാടുകളും വ്യക്തമാക്കുന്ന ഗ്രൂപ്പിലെ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടുകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

'അമ്മയുടെ പെൺമക്കൾ' എന്ന പേരിൽ ആരംഭിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പ് പിന്നീട് പേരു മാറ്റിയാണ് വെറും 'പെൺമക്കൾ' ആയി മാറിയത്. ശ്വേത മേനോനും ഈ ഗ്രൂപ്പിൽ അംഗമായിരുന്നു. സംഘടനയിലെ പ്രശ്‌നം കടുത്തതോടെയാണ് ഈ ഗ്രൂപ്പിൽനിന്ന് ശ്വേത ലെഫ്റ്റ് അടിച്ചത്.

സംഘടനയിലെ പ്രശ്നങ്ങൾ ഈ ഗ്രൂപ്പിൽ ആദ്യം ചർച്ച ചെയ്തിരുന്നില്ലെങ്കിലും പിന്നീട് സജീവ ചർച്ചകളിലേക്ക് നീങ്ങുകയായിരുന്നു. ഗ്രൂപ്പ് തുടങ്ങിയ സമയത്ത് ഒഫീഷ്യൽ അല്ലാത്തതിനാൽ കുക്കു പരമേശ്വരൻ അടക്കം നിരവധി സ്ത്രീ അംഗങ്ങൾ ലെഫ്റ്റ് അടിച്ചിരുന്നതായി നടി ഉഷ ഹസീന ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. ലെഫ്റ്റ് അടിച്ചു പോയ സ്ത്രീ അംഗങ്ങൾ എന്തിന് പെണ്ണുങ്ങൾക്ക് അങ്ങനൊരു കൂട്ടായ്മ എന്ന് ചോദിച്ച് ഈ ഗ്രൂപ്പ് തകർക്കാൻ ശ്രമിച്ചിരുന്നതായും ഉഷ ഹസീന പറഞ്ഞിരുന്നു.

അതേസമയം, ഹേമാ കമ്മിറ്റി റിപ്പോർട്ട് ചർച്ച വിഷയമാക്കിയും സംഘടനയിലെ പവർ ഗ്രൂപ്പിനെ കടന്നാക്രമിച്ചും ശ്വേത മേനോൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് അമ്മയിലെ പോര് വീണ്ടും ചൂടുപിടിപ്പിച്ചിട്ടുണ്ട്. താൻ എക്‌സിക്യൂട്ടീവിൽ ഉള്ളിടത്തോളം കാലം ഹേമാ കമ്മറ്റി റിപ്പോർട്ടിലെ ആരോപണവിധേയരായ ആരെയും സംഘടനയുടെ തലപ്പത്തേക്ക് വരാൻ അനുവദിക്കില്ലെന്നും ശ്വേത പോസ്റ്റിൽ പറഞ്ഞിരുന്നു. നിലവിലെ ഭരണസമിതിയുടെ നിലനിൽപ്പും അഡ്‌ഹോക് സമിതിയുടെ നിയമസാധുതയും സംബന്ധിച്ച ചർച്ചകൾ തുടരുന്നതിനിടെയാണ് ചേരിപ്പോര് വീണ്ടും കടുത്തിരിക്കുന്നത്.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed