ഡോ പി വി ചെറിയാൻ അന്തരിച്ചു
പ്രദീപ് പുറവങ്കര
ബഹ്‌റൈൻ ആരോഗ്യമേഖലയിലും ജീവകാരുണ്യ രംഗത്തും നാല് പതിറ്റാണ്ടിലേറെയായി സജീവ സാന്നിധ്യമായിരുന്ന പ്രമുഖ ഇന്ത്യൻ ഫിസിഷ്യൻ ഡോ. പി.വി. ചെറിയാൻ തിരുവനന്തപുരത്ത് അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.
1979 ഒക്ടോബർ 16-നാണ് അദ്ദേഹം മുംബൈയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ബഹ്‌റൈനിൽ എത്തിയത്. തുടർന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ആക്സിഡന്റ് ആൻഡ് എമർജൻസി വിഭാഗത്തിൽ മെഡിക്കൽ കരിയർ ആരംഭിച്ച അദ്ദേഹം വർഷങ്ങളോളം അവിടെ സേവനമനുഷ്ഠിച്ചു.
തന്റെ ദീർഘവും ശ്രദ്ധേയവുമായ ഔദ്യോഗിക ജീവിതത്തിനിടയിൽ, ബഹ്‌റൈനിലെ മുൻ പ്രധാനമന്ത്രിയുടെ മെഡിക്കൽ സംഘത്തിൽ അംഗമായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കൂടാതെ നിരവധി ദേശീയ, അന്തർദേശീയ പരിപാടികളുടെ മെഡിക്കൽ കോർഡിനേറ്ററായും അദ്ദേഹം ചുമതല വഹിച്ചു.
ചികിത്സാ രംഗത്തിന് പുറമെ ബഹ്‌റൈനിലെ സാമൂഹിക-സാംസ്കാരിക മേഖലകളിലും അദ്ദേഹം സജീവമായിരുന്നു. ഇന്ത്യൻ സ്കൂൾ ബഹ്‌റൈന്റെ ചെയർമാനായി പ്രവർത്തിച്ച അദ്ദേഹം ബഹ്റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്ബ്, കാൻസർ കെയർ ഗ്രൂപ്പ്, ബ്ലഡ് ഡോണേർസ് കേരള, വിവിധ പ്രാദേശിക സംഘടനകൾ, തുടങ്ങിയവയിലും സജീവമായിരുന്നു.
aa

