ബഹ്റൈൻ ഭരണാധികാരികളുമായി കൂടികാഴ്ച്ച നടത്തി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ
പ്രദീപ് പുറവങ്കര
മനാമ: ഔദ്യോഗിക സന്ദർശനത്തിനായി ബഹ്റൈനിലെത്തിയ ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറിനെ ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ സ്വീകരിച്ചു. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും കൂടിക്കാഴ്ചയിൽ സന്നിഹിതനായിരുന്നു.
ദശകങ്ങളായി പരസ്പര ബഹുമാനത്തിലും സൌഹാർദ്ദത്തിലും അധിഷ്ഠിതമായ ശക്തമായ അടിത്തറയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലനിൽക്കുന്നതെന്ന് കൂടിക്കാഴ്ചയിൽ ഹമദ് രാജാവ് വ്യക്തമാക്കി. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും സഹകരണത്തിന്റെ പുതിയ സാധ്യതകളെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.
ഇറാനിയൻ ആക്രമണത്തെത്തുടർന്ന് ബഹ്റൈന് അനുകൂലമായി ഇന്ത്യ പ്രഖ്യാപിച്ച ഐക്യദാർഢ്യത്തിന് ഹമദ് രാജാവ് തന്റെ പ്രത്യേക നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തി. അന്താരാഷ്ട്ര തലത്തിൽ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും ആഗോള സമാധാനം ഉറപ്പാക്കുന്നതിനും ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. പ്രാദേശികവും അന്തർദേശീയവുമായ പ്രസക്തമായ വിഷയങ്ങളും, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിൽ ബഹ്റൈൻ രാജാവ് വഹിക്കുന്ന സുപ്രധാന പങ്കിനെ ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ അഭിനന്ദിച്ചു. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ പ്രത്യേക ആശംസകൾ അദ്ദേഹം ഹമദ് രാജാവിന് കൈമാറി. ബഹ്റൈൻ ജനതയുടെ കൂടുതൽ പുരോഗതിക്കും ഐശ്വര്യത്തിനും നേതാക്കൾ ആശംസ നേർന്നു. തുടർന്ന് ഹമദ് രാജാവ് ഇന്ത്യൻ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഇന്ത്യൻ ജനതയ്ക്കും തിരിച്ച് ആശംസകൾ നേരുന്നതായി അറിയിച്ചു.
aa

