മയക്കുമരുന്ന് കടത്ത്: ഏഷ്യൻ സ്വദേശിയുടെ 15 വർഷം തടവും നാടുകടത്തലും ശരിവെച്ച് ബഹ്റൈൻ അപ്പീൽ കോടതി
പ്രദീപ് പുറവങ്കര
മനാമ: ഭക്ഷണപ്പൊതിയിൽ ഒളിപ്പിച്ച് മൂന്ന് കിലോയോളം കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ ഏഷ്യൻ സ്വദേശിക്ക് ലഭിച്ച 15 വർഷം തടവ് ശിക്ഷ ബഹ്റൈൻ അപ്പീൽ കോടതി ശരിവെച്ചു. കേസിൽ ഉൾപ്പെട്ട രണ്ടാം പ്രതിയെ കുറ്റം തെളിയിക്കാൻ മതിയായ തെളിവുകളില്ലാത്തതിനാൽ കോടതി വെറുതെ വിട്ടു.
ശിക്ഷിക്കപ്പെട്ട പ്രതി 10,000 ദിനാർ പിഴയൊടുക്കണമെന്നും തടവ് കാലാവധിക്ക് ശേഷം ഇയാളെ സ്ഥിരമായി നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു. പിടിച്ചെടുത്ത മയക്കുമരുന്ന് കണ്ടുകെട്ടാനും കോടതി നിർദ്ദേശിച്ചു. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ തപാൽ പാഴ്സൽ വിഭാഗത്തിൽ നടന്ന എക്സ്-റേ പരിശോധനയിലാണ് സംശയാസ്പദമായ രീതിയിലുള്ള പാക്കറ്റ് കണ്ടെത്തിയത്. ഭക്ഷണ സാധനങ്ങളും വീട്ടുപകരണങ്ങളും അടങ്ങിയ പാഴ്സലിനുള്ളിലെ 21 ബാഗുകളിലായാണ് മൂന്ന് കിലോ കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
വിദേശത്തുള്ള ഒരാളുടെ നിർദ്ദേശപ്രകാരം 1,500 ദിനാർ പ്രതിഫലം വാഗ്ദാനം ചെയ്തതിനാലാണ് താൻ പാഴ്സൽ കൈപ്പറ്റിയതെന്ന് പ്രതി സമ്മതിച്ചു. മറ്റൊരാളുടെ വിലാസവും തിരിച്ചറിയൽ രേഖയുമാണ് ഇയാൾ ഇതിനായി ഉപയോഗിച്ചിരുന്നത്. എന്നാൽ, കൂടെയുണ്ടായിരുന്ന രണ്ടാം പ്രതിക്ക് പാഴ്സലിനുള്ളിൽ മയക്കുമരുന്നാണെന്ന കാര്യം അറിയില്ലായിരുന്നുവെന്ന വാദം കോടതി അംഗീകരിച്ചു. രണ്ടാം പ്രതി വെറും സഹായിയായി കൂടെപ്പോയതാണെന്നും കുറ്റകൃത്യത്തിൽ പങ്കാളിയല്ലെന്നും അഭിഭാഷകൻ കോടതിയിൽ തെളിയിച്ചു.
aa

