ലൈസൻസില്ലാതെ ബൈക്ക് അഭ്യാസപ്രകടനം: 17-കാരൻ ബഹ്‌റൈനിൽ പിടിയിൽ
പ്രദീപ് പുറവങ്കര
മനാമ: അൽ ബുദയ്യ മേഖലയിൽ ഡ്രൈവിംഗ് ലൈസൻസോ ഹെൽമറ്റോ രജിസ്‌ട്രേഷൻ പ്ലേറ്റോ ഇല്ലാതെ മോട്ടോർ സൈക്കിൾ ഓടിച്ച 17 വയസ്സുകാരനെ ബഹ്‌റൈൻ ഫാമിലി ആൻഡ് ചൈൽഡ് പ്രോസിക്യൂഷൻ തടങ്കലിലാക്കാൻ ഉത്തരവിട്ടു. തന്റെയും മറ്റ് യാത്രക്കാരുടെയും ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ വാഹനമോടിച്ചതിനാണ് കൗമാരക്കാരനെതിരെ നടപടിയെടുത്തത്.
റോഡ് സുരക്ഷാ ഡ്യൂട്ടിക്കിടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പട്രോൾ സംഘമാണ് വാഹനവുമായി ഇയാളെ തടഞ്ഞത്. തുടർന്ന് പബ്ലിക് പ്രോസിക്യൂഷന് റിപ്പോർട്ട് കൈമാറുകയായിരുന്നു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച കൗമാരക്കാരൻ, മുൻപും സമാനമായ ഗതാഗത നിയമലംഘനങ്ങൾ നടത്തിയിട്ടുള്ളതായി അന്വേഷണത്തിൽ വ്യക്തമായി. പ്രായപൂർത്തിയാകാത്തവർ വാഹനങ്ങൾ ഉപയോഗിക്കുന്നത് തടയാൻ കർശന നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
aa

