ഭീകരവാദ ബന്ധം: 41 പേർ ബഹ്‌റൈനിൽ പിടിയിൽ; ആഭ്യന്തര മന്ത്രാലയത്തിന് പിന്തുണയുമായി അറബ് രാജ്യങ്ങൾ
പ്രദീപ് പുറവങ്കര
മനാമ: ഇറാൻ വിപ്ലവ ഗാർഡുമായും (IRGC) 'വിലായത്ത് അൽ-ഫഖീഹ്' പ്രത്യയശാസ്ത്രവുമായും ബന്ധപ്പെട്ട് ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 41 പേരെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. സുരക്ഷാ ഏജൻസികൾ നടത്തിയ വിപുലമായ അന്വേഷണങ്ങൾക്കും രഹസ്യാന്വേഷണ പ്രവർത്തനങ്ങൾക്കും ഒടുവിലാണ് സംഘത്തെ പിടികൂടിയത്. വിദേശ ശക്തികളുമായി ആശയവിനിമയം നടത്തുകയും ഇറാൻ നടത്തുന്ന ഇടപെടലുകൾക്ക് പിന്തുണ നൽകുകയും ചെയ്തതുമായി ബന്ധപ്പെട്ട് പബ്ലിക് പ്രോസിക്യൂഷൻ മുമ്പ് നടത്തിയ അന്വേഷണങ്ങളിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.
പിടിയിലായവർ ഇറാൻ വിപ്ലവ ഗാർഡുമായി നേരിട്ട് ബന്ധം പുലർത്തിയിരുന്നതായും ഭീകരപ്രവർത്തനങ്ങൾക്കായി ഫണ്ട് ശേഖരിച്ച് ഇറാനിലേക്ക് കടത്താൻ ശ്രമിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. ഇവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. ഈ ശൃംഖലയിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താനായി സുരക്ഷാ വിഭാഗം തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
ബഹ്‌റൈന്റെ ഈ സുപ്രധാന നീക്കത്തിന് സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ഈജിപ്ത്, ജോർദാൻ തുടങ്ങിയ രാജ്യങ്ങൾ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ബഹ്‌റൈന്റെ സുരക്ഷ ജിസിസി രാജ്യങ്ങളുടെയും അറബ് ലോകത്തിന്റെയും സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ വ്യക്തമാക്കി. വിദേശ അജണ്ടകൾ നടപ്പിലാക്കാനും അസ്ഥിരതയുണ്ടാക്കാനും ശ്രമിക്കുന്ന ശക്തികളെ സംയുക്തമായി നേരിടുമെന്ന് ഈജിപ്തും കുവൈറ്റും അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെ ബഹ്‌റൈൻ പാർലമെന്റും ശൂറ കൗൺസിലും പ്രശംസിച്ചു. രാജ്യത്തിന്റെ പരമാധികാരവും ദേശീയ സുരക്ഷയും തകർക്കാൻ ശ്രമിക്കുന്ന ഏത് നീക്കത്തെയും നേരിടാൻ സുരക്ഷാ വിഭാഗം സജ്ജമാണെന്ന് ഈ നീക്കം തെളിയിക്കുന്നതായി ജനപ്രതിനിധികൾ വ്യക്തമാക്കി. ബഹ്‌റൈൻ പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം, ശൂറ കൗൺസിൽ ചെയർമാൻ അലി സാലിഹ് അൽ സാലിഹ് എന്നിവരും ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെ പിന്തുണച്ചു. നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികളെ മാത്രമാണ് ഈ നടപടികൾ ലക്ഷ്യം വെക്കുന്നതെന്നും ബഹ്‌റൈൻ സമൂഹത്തിലെ ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് എതിരല്ല ഇതെന്നും പാർലമെന്റ് സ്പീക്കർ വ്യക്തമാക്കി. അറബ് പാർലമെന്റും അറബ് ഫെഡറേഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സും സുരക്ഷാ സേനയുടെ പ്രൊഫഷണലിസത്തെയും ജാഗ്രതയെയും പ്രശംസിച്ചു. ചാരിറ്റബിൾ, സാമൂഹിക പ്ലാറ്റ്‌ഫോമുകൾ തീവ്രവാദ ആശയങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് തടയേണ്ടത് അനിവാര്യമാണെന്നും അവർ ഓർമ്മിപ്പിച്ചു.
AA

