സൗദി അറേബ്യയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ബഹ്‌റൈൻ എയർപോർട്ട് സർവീസസ്
പ്രദീപ് പുറവങ്കര
മനാമ: പ്രാദേശിക വിപുലീകരണത്തിന്റെ ഭാഗമായി സൗദി അറേബ്യയിൽ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങി ബഹ്‌റൈൻ എയർപോർട്ട് സർവീസസ് (BAS). സൗദിയുടെ കിഴക്കൻ പ്രവിശ്യ ആസ്ഥാനമായി 'ബാസ് സൗദി' (BAS Saudi) എന്ന പേരിൽ പുതിയ കമ്പനി രൂപീകരിക്കും. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ദീർഘകാല പ്രവർത്തന പരിചയം പ്രയോജനപ്പെടുത്തി സൗദിയിലെ ഏവിയേഷൻ മേഖലയിൽ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനങ്ങളാണ് കമ്പനി ലക്ഷ്യമിടുന്നത്.
സൗദി അറേബ്യയിലെയും ഒമാനിലെയും പ്രധാന വിപണികളിൽ സാന്നിധ്യം ശക്തമാക്കുന്നതിനൊപ്പം സേവനങ്ങൾ വൈവിധ്യവൽക്കരിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബി.എ.എസ് ചെയർമാൻ നബീൽ ഖാലിദ് കാനൂ പറഞ്ഞു. പ്രാദേശിക വിപുലീകരണ യാത്രയിലെ നിർണ്ണായക ചുവടുവെപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനങ്ങളുടെ അറ്റകുറ്റപ്പണി, സാങ്കേതിക പരിശോധന എന്നീ മേഖലകളിൽ ഒമാനിലെ സാധ്യതകളും കമ്പനി പരിശോധിച്ചുവരികയാണ്.
സൗദിയിലെ വിവിധ വിമാനത്താവളങ്ങളിൽ പ്രവർത്തനാനുമതി നേടുന്നതിനായുള്ള ശ്രമങ്ങളും മറ്റ് പങ്കാളിത്ത ചർച്ചകളും പുരോഗമിക്കുകയാണ്. ഗൾഫ് മേഖലയിലെ വ്യോമയാന വളർച്ചയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമൊപ്പം നീങ്ങുന്നതിലൂടെ സേവന രംഗത്ത് കൂടുതൽ മത്സരക്ഷമത കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
aa

