യു.എസ് സെൻട്രൽ കമാൻഡ് കമാൻഡറുമായി കൂടിക്കാഴ്ച നടത്തി ഹമദ് രാജാവും കിരീടാവകാശിയും
പ്രദീപ് പുറവങ്കര l ബഹ്റൈൻ
മനാമ: ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ തന്ത്രപ്രധാന ബന്ധം പുതിയ തലങ്ങളിലേക്ക് വികസിക്കുന്നതായി ബഹ്‌റൈൻ ഭരണനേതൃത്വം. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും യു.എസ് സെൻട്രൽ കമാൻഡ്, കമാൻഡർ അഡ്മിറൽ ചാൾസ് ബ്രാഡ്ഫോർഡ് കൂപ്പറുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പതിറ്റാണ്ടുകളായി ഇരുരാജ്യങ്ങളും തമ്മിലുള്ള ദൃഢമായ ബന്ധത്തെയും സൗഹൃദത്തെയും ഹമദ് രാജാവ് പ്രശംസിച്ചു. സൈനിക-പ്രതിരോധ മേഖലകളിൽ ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള സഹകരണം നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് കിരീടാവകാശിയും ചൂണ്ടിക്കാട്ടി. ഇറാനിൽ നിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ അമേരിക്ക വഹിക്കുന്ന പങ്കിനെയും കിരീടാവകാശി പ്രത്യേകം അഭിനന്ദിച്ചു. മിഡിൽ ഈസ്റ്റിലും ആഗോളതലത്തിലും സ്ഥിരതയും സമാധാനവും ഉറപ്പാക്കുന്നതിൽ അമേരിക്ക നടത്തുന്ന നിർണായക ശ്രമങ്ങളെയും ഭരണനേതൃത്വം പ്രശംസിച്ചു.
കൂടിക്കാഴ്ചയിൽ ജനറൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു.
.




