ഇറാൻ അധിനിവേശം: ഐക്യരാഷ്ട്രസഭയ്ക്ക് എട്ടാമതും കത്തയച്ച് ബഹ്റൈൻ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ന്യൂയോർക്ക്/മനാമ: ബഹ്റൈന് നേരെ ഇറാൻ നടത്തുന്ന നീതീകരിക്കാനാവാത്ത സൈനിക ആക്രമണങ്ങളെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താൻ ഐക്യരാഷ്ട്രസഭയിലെ ബഹ്റൈൻ മിഷൻ നടപടികൾ ശക്തമാക്കി. യുഎൻ സെക്രട്ടറി ജനറലിനും സെക്യൂരിറ്റി കൗൺസിൽ പ്രസിഡന്റിനും ബഹ്റൈൻ എട്ടാമത് ഔദ്യോഗിക കത്താണ് ഇത് സംബന്ധിച്ച് നൽകിയത്.
ഫെബ്രുവരി 28 മുതൽ രാജ്യം നേരിടുന്ന ഇറാൻ്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളുടെ വിശദമായ കണക്കുകൾ കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിവിലിയൻമാരുടെ ജീവൻ സംരക്ഷിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ തകരാതെ കാക്കുന്നതിനും സൈന്യത്തിൻ്റെ ഈ ജാഗ്രത വലിയ പങ്കുവഹിച്ചുവെന്നും കത്തിൽ വ്യക്തമാക്കുന്നു.
ജനവാസ മേഖലകളെയും നിർണ്ണായക വ്യവസായ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം നടത്തിയത്. മാർച്ച് 28-ന് അലുമിനിയം ബഹ്റൈൻ (Alba), മാർച്ച് 25-നും 12-നും മുഹറഖിലെ ഊർജ്ജ നിലയങ്ങൾ, ഇന്ധന ടാങ്കുകൾ എന്നിവയ്ക്ക് നേരെ ആക്രമണമുണ്ടായി. മാർച്ച് 9-ന് ബാപ്കോ റിഫൈനറിയും സിത്ര മേഖലയും ലക്ഷ്യമിട്ടു. മാർച്ച് 10-ന് തലസ്ഥാനമായ മനാമയിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ബഹ്റൈൻ പൗരനും ഒരു പ്രവാസിയും കൊല്ലപ്പെടുകയും കുട്ടികൾ അടക്കമുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബഹ്റൈൻ സൈന്യത്തോടൊപ്പം സേവനമനുഷ്ഠിക്കുന്നതിനിടെ വീരമൃത്യു വരിച്ച യുഎഇ സായുധ സേനയിലെ മൊറോക്കൻ പൗരനായ സിവിലിയൻ കോൺട്രാക്ടറെക്കുറിച്ചും കത്തിൽ പരാമർശമുണ്ട്. ആക്രമണങ്ങളിൽ യുഎഇ സേനാംഗങ്ങൾക്കും ബഹ്റൈൻ സൈനികർക്കും പരിക്കേറ്റിട്ടുണ്ട്.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇറാൻ നടത്തുന്നതെന്നും സ്വയം പ്രതിരോധിക്കാൻ ബഹ്റൈന് പൂർണ്ണ അവകാശമുണ്ടെന്നും കത്തിൽ ഊന്നിപ്പറയുന്നു. മാർച്ച് 25-ന് 106 രാജ്യങ്ങളുടെ പിന്തുണയോടെ യുഎൻ മനുഷ്യാവകാശ കൗൺസിൽ പാസാക്കിയ പ്രമേയവും ഇറാൻ്റെ നടപടിയെ അപലപിച്ചിരുന്നു. നാശനഷ്ടങ്ങൾ കൃത്യമായി വിലയിരുത്തി വരികയാണെന്നും വരും ദിവസങ്ങളിലെ മാറ്റങ്ങൾ യുഎന്നിനെ അറിയിക്കുമെന്നും ബഹ്റൈൻ വ്യക്തമാക്കി.
dfsfds


