നേപ്പാളിൽ വിപ്ലവകരമായ മാറ്റം; വിദ്യാർത്ഥി രാഷ്ട്രീയം നിരോധിച്ചു
ശാരിക I അന്തർദേശീയം
കാഠ്മണ്ഡു: അധികാരമേറ്റ് ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ നേപ്പാളിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിക്കുന്ന നിർണ്ണായക തീരുമാനങ്ങളുമായി പുതിയ പ്രധാനമന്ത്രി ബലേന്ദ്ര ഷാ. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥി രാഷ്ട്രീയം പൂർണ്ണമായും നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നത്. നേരത്തേ മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയെയും മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖകിനെയും പോലീസ് അറസ്റ്റ് ചെയ്തു.
ക്യാമ്പസുകളെ രാഷ്ട്രീയ സ്വാധീനത്തിൽ നിന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിന് നിരോധനം ഏർപ്പെടുത്തിയത്. ക്യാമ്പസുകളിലെ അക്രമങ്ങൾക്കും പണപ്പിരിവിനും അറുതി വരുത്താനാണ് ഈ നീക്കമെന്ന് സർക്കാർ വ്യക്തമാക്കുന്നു. നിലവിലുള്ള എല്ലാ രാഷ്ട്രീയ വിദ്യാർത്ഥി സംഘടനകളെയും നീക്കം ചെയ്യാനും പകരം 90 ദിവസത്തിനുള്ളിൽ 'സ്റ്റുഡന്റ് കൗൺസിൽ' പോലുള്ള രാഷ്ട്രീയേതര സമിതികൾ രൂപീകരിക്കാനും ഉത്തരവിട്ടു.
കഴിഞ്ഞ വർഷം നടന്ന 'ജെൻസി' (Gen Z) പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി അറസ്റ്റിലായത്. മനഃപൂർവ്വമല്ലാത്ത നരഹത്യ, ക്രിമിനൽ അശ്രദ്ധ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റക്കാർക്ക് 10 വർഷം വരെ തടവ് ശിക്ഷ നൽകാൻ പുതിയ മന്ത്രിസഭ ശുപാർശ ചെയ്തിട്ടുണ്ട്.
നേപ്പാളിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും പ്രശസ്ത റാപ്പറുമായ ബലേന്ദ്ര ഷാ, തന്റെ 100 ഇന കർമ്മപദ്ധതിയുടെ ഭാഗമായാണ് ഈ കടുത്ത നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
fdsf



