ബഹ്‌റൈനിൽ നഴ്സറികളും കിന്റർഗാർട്ടനുകളും ഏപ്രിൽ 5 മുതൽ തുറക്കുന്നു; സ്കൂളുകളിൽ ഡിസ്റ്റൻസ് ലേണിംഗ് തുടരും


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മുൻകരുതൽ നടപടികളിൽ മാറ്റം വരുത്തിക്കൊണ്ടാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഇതനുസരിച്ച് നഴ്സറികൾ, കിന്റർഗാർട്ടനുകൾ, ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സ്കൂളുകൾ എന്നിവയ്ക്ക് വരും ആഴ്ച മുതൽ പ്രവർത്തനാനുമതി നൽകി.

അടുത്ത ഞായറാഴ്ച മുതൽ രാജ്യത്തെ നഴ്സറികൾക്കും കിന്റർഗാർട്ടനുകൾക്കും പ്രവർത്തനം പുനരാരംഭിക്കാം. രക്ഷിതാക്കളുടെ താല്പര്യപ്രകാരം കുട്ടികളെ ഇവിടങ്ങളിലേക്ക് അയക്കാവുന്നതാണ്. അതുപോലെ തന്നെ സർക്കാർ-സ്വകാര്യ മേഖലകളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള പ്രത്യേക സ്കൂളുകളും ഏപ്രിൽ 5 മുതൽ തുറന്ന് പ്രവർത്തിക്കും. രക്ഷിതാക്കൾക്ക് നേരിട്ടോ അല്ലാതെയോ ഉള്ള സേവനങ്ങൾ തിരഞ്ഞെടുക്കാൻ അവസരമുണ്ടാകും.

അന്താരാഷ്ട്ര സിലബസ് പിന്തുടരുന്ന സ്വകാര്യ സ്കൂളുകൾക്ക് പരീക്ഷാ മൂല്യനിർണ്ണയത്തിനായി ഫ്ലെക്സിബിൾ പ്രോഗ്രാമുകൾ നടപ്പിലാക്കാം. വിദ്യാർത്ഥികളുടെ ഉപരിപഠനത്തെ ബാധിക്കാത്ത രീതിയിൽ 'നോ എക്സാം റൂട്ട്' (ഉൾപ്പെടെയുള്ള ബദൽ മാർഗങ്ങളിലൂടെ സർട്ടിഫിക്കറ്റുകൾ ഉറപ്പാക്കാൻ അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കാൻ സ്കൂളുകൾക്ക് അനുമതി നൽകി.

അതേസമയം, പൊതു-സ്വകാര്യ സ്കൂളുകളിലെ മറ്റ് വിദ്യാർത്ഥികൾക്ക് ഡിസ്റ്റൻസ് ലേണിംഗ് സംവിധാനം തന്നെ തുടരും. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓൺലൈൻ പഠനരീതി മാറ്റമില്ലാതെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. വിദ്യാഭ്യാസ പ്രക്രിയ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ സഹകരിക്കുന്ന അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമ നന്ദി അറിയിച്ചു.

article-image

aa

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed