ബഹ്‌റൈന്റെ സുരക്ഷയ്ക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണ; ബഹ്റൈൻ രാജാവുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രദീപ് പുറവങ്കര
മനാമ/ന്യൂഡൽഹി: ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ വിളിച്ച് ചർച്ച നടത്തി. ബഹ്‌റൈന് നേരെ നടന്ന ഇറാൻ്റെ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. രാജ്യത്തിൻ്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഇന്ത്യയുടെ പൂർണ്ണ പിന്തുണ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. മേഖലയിലെ സമാധാനത്തിന് ഭീഷണിയാകുന്ന എല്ലാ നടപടികളെയും ഇന്ത്യ തള്ളിക്കളയുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള സമുദ്രയാത്രയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളിൽ ഇന്ത്യയും പങ്കുചേരുമെന്ന് പ്രധാനമന്ത്രി രാജാവിനെ അറിയിച്ചു. ആഗോള ഊർജ്ജ വിതരണത്തിന്റെയും വ്യാപാരത്തിന്റെയും പ്രധാന പാതയായ ഹോർമുസ് കടലിടുക്കിൽ ഇറാൻ ഉയർത്തുന്ന ഭീഷണികൾ അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു. രാജ്യാന്തര കപ്പൽ ഗതാഗതത്തിൻ്റെ സുരക്ഷ സംരക്ഷിക്കുക എന്നത് ആഗോള സമൂഹത്തിൻ്റെ സംയുക്ത ഉത്തരവാദിത്തമാണെന്ന് ചർച്ചയിൽ വിലയിരുത്തി.
ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന് രാജ്യം നൽകുന്ന കരുതലിനും സൗകര്യങ്ങൾക്കും പ്രധാനമന്ത്രി പ്രത്യേക നന്ദി രേഖപ്പെടുത്തി. പ്രതിസന്ധി ഘട്ടങ്ങളിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ചവർക്ക് ബഹ്‌റൈൻ നൽകിയ സഹായങ്ങൾ മാനുഷിക മൂല്യങ്ങളുടെ ഉത്തമ ഉദാഹരണമാണെന്ന് അദ്ദേഹം പ്രശംസിച്ചു.
ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹം അർപ്പണബോധത്തിൻ്റെയും കഠിനാധ്വാനത്തിൻ്റെയും ഉത്തമ മാതൃകയാണെന്ന് കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ പറഞ്ഞു. രാജ്യത്തിൻ്റെ വികസന പ്രക്രിയയിൽ ഇന്ത്യക്കാർ നൽകുന്ന മികച്ച സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു. ഈദ് അൽ ഫിത്തർ പ്രമാണിച്ച് പ്രധാനമന്ത്രി നേർന്ന ആശംസകൾക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു.
aa



