ഇറാൻ ആക്രമണം: ജി.സി.സി - യൂറോപ്യൻ യൂണിയൻ അടിയന്തര യോഗം; ശക്തമായ ശക്തമായ അപലപിച്ച് വിദേശകാര്യ മന്ത്രിമാർ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജി.സി.സി വിദേശകാര്യ മന്ത്രിമാരും യൂറോപ്യൻ യൂണിയൻ പ്രതിനിധികളും അടിയന്തര വീഡിയോ കോൺഫറൻസ് വഴി യോഗം ചേർന്നു. ജി.സി.സി കൗൺസിൽ ചെയർമാൻ ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും യൂറോപ്യൻ യൂണിയൻ വിദേശകാര്യ പ്രതിനിധി കാജ കല്ലാസും യോഗത്തിന് നേതൃത്വം നൽകി.
ആയിരത്തിലധികം ഡ്രോണുകളും നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ഗൾഫ് രാജ്യങ്ങളിലെ ജനവാസ മേഖലകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഊർജ്ജ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ചൂണ്ടിക്കാട്ടി. ഇത്തരം പ്രകോപനങ്ങൾ മേഖലയിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തിനായുള്ള ആഹ്വാനങ്ങൾക്കപ്പുറം, ഇറാൻ ഈ അനാവശ്യ ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും ഉത്തരവാദിത്തമുള്ള പ്രാദേശിക ശക്തിയായി പെരുമാറണമെന്നും യോഗം ആവശ്യപ്പെട്ടു.
യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം തങ്ങളുടെ പൗരന്മാരെയും അതിർത്തികളെയും സംരക്ഷിക്കാൻ വ്യക്തിഗതമായും കൂട്ടായും പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ജി.സി.സി രാജ്യങ്ങൾക്ക് അവകാശമുണ്ടെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനോ അന്താരാഷ്ട്ര നാവിക ഗതാഗതം തടസ്സപ്പെടുത്താനോ ഉള്ള നീക്കങ്ങൾ ആഗോള സാമ്പത്തിക മേഖലയ്ക്ക് കനത്ത ആഘാതമുണ്ടാക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
ഇറാൻ്റെ ആക്രമണങ്ങളെ ഏറ്റവും ശക്തമായ ഭാഷയിൽ അപലപിച്ച യൂറോപ്യൻ യൂണിയൻ, ജി.സി.സി രാജ്യങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ആഗോള ഊർജ്ജ വിപണിയുടെയും വിതരണ ശൃംഖലയുടെയും സുരക്ഷയ്ക്ക് ഗൾഫ് മേഖലയുടെ സ്ഥിരത അത്യന്താപേക്ഷിതമാണെന്ന് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ഇറാൻ്റെ ആണവ പദ്ധതിയേയും ഡ്രോൺ നിർമ്മാണത്തേയും നിയന്ത്രിക്കാൻ സംയുക്ത നയതന്ത്ര നീക്കങ്ങൾ നടത്താനും യോഗത്തിൽ തീരുമാനമായി. സമാധാന ശ്രമങ്ങളിൽ ഒമാൻ നടത്തുന്ന ഇടപെടലുകളെ മന്ത്രിമാർ പ്രശംസിച്ചു.
aa


