ഇറാനിയൻ ആക്രമണം; വായ്പാ തിരിച്ചടവ് നീട്ടിവെക്കണമെന്ന നിർദേശവുമായി ബഹ്റൈൻ പാർലിമെന്റ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്ത് തുടരുന്ന വ്യോമാക്രമണങ്ങളെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബിസിനസ് സ്ഥാപനങ്ങൾക്കും കമ്പനികൾക്കും ആശ്വാസമായി ബാങ്ക് വായ്പാ തിരിച്ചടവുകൾ നീട്ടിവെക്കാനുള്ള അടിയന്തര നിർദ്ദേശം ബഹ്‌റൈൻ പാർലമെന്റ് ഐകകണ്ഠേന പാസാക്കി. ബിസിനസ് ഉടമകളുടെയും കമ്പനികളുടെയും വായ്പാ ഗഡുക്കൾ മാറ്റിവെക്കാൻ സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈന് (CBB) നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ബഹ്റൈൻ മന്ത്രിസഭയുടെ പരിഗണനയ്ക്ക് അയച്ചു.
സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് വക്താവ് ഖാലിദ് ബു ഓങ്ക് ഉൾപ്പെടെ അഞ്ച് എംപിമാർ സമർപ്പിച്ച ഈ നിർദ്ദേശം, നിലവിലെ അസാധാരണ സാഹചര്യത്തിൽ വ്യാപാര മേഖലയ്ക്ക് താങ്ങാവുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. വർഷത്തിൽ ഏറ്റവും കൂടുതൽ വ്യാപാരം നടക്കേണ്ട സമയത്ത് പല സ്ഥാപനങ്ങളും ഭാഗികമായോ പൂർണ്ണമായോ അടച്ചിടേണ്ടി വരുന്നത് വലിയ നഷ്ടത്തിന് കാരണമാകുന്നുണ്ടെന്ന് പാർലമെന്റിന്റെ സാമ്പത്തിക സമിതി അധ്യക്ഷൻ അഹമ്മദ് അൽ സല്ലൂം ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തിൽ പ്രതിമാസ വായ്പാ തിരിച്ചടവുകൾ കൂടി തുടരുന്നത് ബിസിനസുകളെ തകർച്ചയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരിട്ടോ അല്ലാതെയോ ആക്രമണങ്ങൾ ബാധിച്ച സ്ഥാപനങ്ങൾക്കും വിതരണ ശൃംഖല തടസ്സപ്പെട്ടവർക്കും ഈ ഇളവ് ലഭ്യമാക്കണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്. ചെറുകിട ഇടത്തരം സംരംഭങ്ങൾ (SMEs) സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണെന്നും അവയെ സംരക്ഷിക്കേണ്ടത് തൊഴിൽ വിപണിയുടെ സ്ഥിരതയ്ക്ക് അനിവാര്യമാണെന്നും എംപിമാരായ മുഹമ്മദ് അൽ മആരിഫി, ഹസ്സൻ ഇബ്രാഹിം എന്നിവർ പറഞ്ഞു.
ബാങ്കിംഗ് മേഖലയുടെ സ്ഥിരതയെ ബാധിക്കാത്ത രീതിയിൽ, സെൻട്രൽ ബാങ്കിന്റെ കർശനമായ നിയന്ത്രണങ്ങൾക്ക് വിധേയമായി നിശ്ചിത കാലയളവിലേക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം നൽകുക. അസാധാരണമായ ഇത്തരം സാഹചര്യങ്ങളിൽ രാജ്യത്തെ സംരംഭകർക്കും തൊഴിലാളികൾക്കും ഒപ്പം സർക്കാർ നിലകൊള്ളുന്നു എന്നതിന്റെ തെളിവാണ് ഈ നീക്കമെന്ന് എംപിമാർ വ്യക്തമാക്കി. എംപിമാരുടെ നിർദേശത്തിന് മന്ത്രിസഭയുടെ അന്തിമ അനുമതി ലഭിക്കുകയാണെങ്കിൽ വായ്പാ തിരിച്ചടവിൽ ഇളവ് നൽകുന്ന കാര്യത്തിൽ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങും.
asdadswswad


