സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ മൂന്ന് നോമ്പ് ആചരണവും വാർഷിക ധ്യാനവും
പ്രദീപ് പുറവങ്കര I ഗൾഫ് I ബഹ്റൈൻ:
ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ ഈ വർഷത്തെ മൂന്ന് നോമ്പ് (നിനുവ നോമ്പ്) ആചരണവും വാർഷിക ധ്യാനവും ജനുവരി 25 മുതൽ 28 വരെ നടക്കും. കൊല്ലം ഭദ്രാസനത്തിലെ പ്രമുഖ വചന പ്രഘോഷകനും കേരള കൗൺസിൽ ഓഫ് ചർച്ചസ് കൊല്ലം ജില്ലാ പ്രസിഡന്റുമായ റവ. ഫാദർ സോളു കോശിയാണ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത്.
ഞായറാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാനമസ്കാരത്തോടെ ധ്യാനയോഗങ്ങൾ ആരംഭിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 6.15-ന് രാത്രി നമസ്കാരവും പ്രഭാത നമസ്കാരവും, ഉച്ചയ്ക്ക് 12.45-ന് ഉച്ച നമസ്കാരവും ഉണ്ടായിരിക്കും. വൈകിട്ട് 7 മണിക്ക് സന്ധ്യാനമസ്കാരം, ഗായകസംഘത്തിന്റെ ഗാനശുശ്രൂഷ, ധ്യാനപ്രസംഗം എന്നിവ നടക്കും. 28-ാം തീയതി ബുധനാഴ്ച വൈകിട്ട് സന്ധ്യാനമസ്കാരത്തെത്തുടർന്ന് വിശുദ്ധ കുർബാനയോടെ ചടങ്ങുകൾ സമാപിക്കും.
ധ്യാനപ്രസംഗത്തിനായി ബഹ്‌റൈനിലെത്തിയ റവ. ഫാദർ സോളു കോശിയെ കത്തീഡ്രൽ ഭാരവാഹികളും ഇടവകാംഗങ്ങളും ചേർന്ന് സ്വീകരിച്ചു. വിശ്വാസികൾ എല്ലാവരും ചടങ്ങുകളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി റവ. ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ, സഹവികാരി റവ. ഫാദർ തോമസുകുട്ടി പി.എൻ. എന്നിവർ അറിയിച്ചു.
aa


