ബഹ്‌റൈനിൽ വിദേശികളുടെ വർക്ക് പെർമിറ്റ് ഫീസുകൾ വർധിപ്പിക്കുന്നു; പുതിയ നിയമം നാല് വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി നടപ്പിലാക്കും
പ്രദീപ് പുറവങ്കര/മനാമ
ബഹ്‌റൈനിൽ വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾക്കും അവരുടെ കുടുംബാംഗങ്ങളുടെ റെസിഡൻസി പെർമിറ്റുകൾക്കുമുള്ള ഫീസ് ഘടനയിൽ അടുത്ത നാല് വർഷത്തിനിടെ ഘട്ടം ഘട്ടമായുള്ള വർധനവ് നടപ്പിലാക്കുന്നു. തൊഴിൽ മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ചെയർമാനുമായ മന്ത്രിയുടെ ശുപാർശകൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയതോടെയാണ് ഈ പരിഷ്കാരം പ്രാബല്യത്തിൽ വരുന്നത്. ഓരോ വിദേശ തൊഴിലാളിക്കുമുള്ള വർക്ക് പെർമിറ്റ്, എൻട്രി വിസ, എൻ.ഒ.സി, റെസിഡൻസി പെർമിറ്റ്, റിട്ടേൺ വിസ, മെഡിക്കൽ പരിശോധന, ഐഡി കാർഡ് എന്നിവയുമായി ബന്ധപ്പെട്ട ഫീസുകളിലാണ് മാറ്റം വരുന്നത്.
പുതിയ പരിഷ്കാരം അനുസരിച്ച് വാർഷിക ഇഷ്യു അല്ലെങ്കിൽ പുതുക്കൽ ഫീസ് 2026 ജനുവരി ഒന്ന് മുതൽ 105 ബഹ്‌റൈനി ദിനാറായി വർധിക്കും. ഇത് പിന്നീട് 2027-ൽ 111 ദിനാറായും, 2028-ൽ 118 ദിനാറായും, 2029-ൽ 125 ദിനാറായും ഉയരും. പ്രതിമാസ ഫീസുകളിലും സമാനമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യത്തെ അഞ്ച് വിദേശ തൊഴിലാളികൾക്ക് ഓരോരുത്തർക്കും നൽകേണ്ട പ്രതിമാസ ഫീസ് 2026-ൽ 7.5 ദിനാറായും 2027-ൽ 10 ദിനാറായും വർധിക്കും. തുടർന്ന് 2028-ൽ 20 ദിനാറായും 2029-ൽ 30 ദിനാറായും ഇത് ഉയരുന്നതാണ്.
അഞ്ചിൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ അധികമുള്ള ഓരോ വിദേശ തൊഴിലാളിക്കും 2026-ൽ 12.5 ദിനാറും 2027-ൽ 15 ദിനാറും വീതം പ്രതിമാസ ഫീസ് നൽകണം. 2028 ആകുമ്പോഴേക്കും ഇത് 20 ദിനാറായും 2029-ൽ 30 ദിനാറായും വർധിക്കും. രാജ്യത്തെ തൊഴിൽ വിപണി കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പൂർണ്ണമായും പ്രാബല്യത്തിൽ വരും.
asasassa
