നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു
ഷീബ വിജയൻ
കൊച്ചി: മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി (90) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ നടക്കും. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പ്യാരിലാൽ, മോഹൻലാൽ എന്നിവരാണ് മക്കൾ.
പൊതുവേദികളിലും അഭിമുഖങ്ങളിലും മോഹൻലാൽ എപ്പോഴും വൈകാരികമായി പരാമർശിക്കാറുള്ള വ്യക്തിത്വമായിരുന്നു അമ്മ ശാന്തകുമാരി. അതുകൊണ്ടുതന്നെ മലയാളികൾക്കും സുപരിചിതയായിരുന്നു അവർ. മോഹൻലാലിന്റെ ജീവകാരുണ്യ സംഘടനയായ 'വിശ്വശാന്തി ഫൗണ്ടേഷൻ' മാതാപിതാക്കളുടെ പേര് (വിശ്വനാഥൻ - ശാന്തകുമാരി) ചേർത്താണ് രൂപീകരിച്ചിട്ടുള്ളത്.
അടുത്തിടെ മോഹൻലാലിന് രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചപ്പോൾ അദ്ദേഹം അത് ആദ്യം പങ്കുവെച്ചത് ചികിത്സയിൽ കഴിയുന്ന അമ്മയോടൊപ്പമായിരുന്നു. "അമ്മയുടെ അടുത്തേക്കാണ് ആദ്യം പോയത്, ഈ നേട്ടം കാണാൻ അമ്മയ്ക്ക് ഭാഗ്യമുണ്ടായി" എന്നായിരുന്നു അന്ന് വൈകാരികമായി മോഹൻലാൽ പ്രതികരിച്ചത്. അമ്മയുടെ വേർപാടിൽ സിനിമാ സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
jkjkljklklj;klo;iklolokklo;
