'സാഹോദര്യത്തെ ഒരു രാഷ്ട്രീയ ആശയമായി ഉയർത്തി കൊണ്ടുവരണം': പ്രവാസി വെൽഫെയർ നവോത്ഥാന സംഗമം
പ്രദീപ് പുറവങ്കര
മനാമ: തുല്യതക്കും സ്വാതന്ത്ര്യത്തിനും നിയമപരമായ പരിരക്ഷയുണ്ടെങ്കിലും, സുപ്രധാനമായ സാഹോദര്യത്തിന് ആ പരിരക്ഷയില്ലെന്ന് സാമൂഹിക നിരീക്ഷകനായ സജി മാർക്കോസ് അഭിപ്രായപ്പെട്ടു. സാഹോദര്യം കൂടി നേടിയെടുക്കാൻ കഴിയുമ്പോഴാണ് നവോത്ഥാനം പൂർണമാകുന്നത് എന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി വെൽഫെയർ സംഘടിപ്പിച്ച "കേരളീയ നവോത്ഥാനം: ചരിത്രവും തുടർച്ചയും" എന്ന സാമൂഹിക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻകാലങ്ങളെ അപേക്ഷിച്ച് മതസമൂഹങ്ങൾക്കിടയിൽ സാഹോദര്യത്തിൽ വിടവ് വന്നതുകൊണ്ടാണ് മറ്റൊരു മതത്തിൽ പെട്ടയാൾ പ്രാർത്ഥിക്കുന്നത് കാണുമ്പോഴോ, പ്രത്യേക ആഹാരം കഴിക്കുന്നത് കാണുമ്പോഴോ, വേഷത്തിൽ വ്യത്യസ്തത കാണുമ്പോഴോ നമുക്ക് അസ്വസ്ഥത അനുഭവപ്പെടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നവോത്ഥാനം ചരിത്രത്തിലെ ഒരു ഘട്ടത്തിൽ നിലച്ചുപോയ സംഭവമല്ല, മറിച്ച് നൈരന്തര്യമാവശ്യപ്പെടുന്ന രാഷ്ട്രീയ പ്രക്രിയയാണ്. വിവേചനങ്ങളെ ചെറുത്ത സാമൂഹിക നീതിയുടെ പോരാട്ടമാണ് കേരളീയ നവോത്ഥാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷ പ്രസംഗത്തിൽ, പങ്കുവെക്കലിന്റെയും പാരസ്പര്യത്തിന്റെയും വിളനിലമായിരുന്ന കേരള സമൂഹം ഇന്ന് ഭിന്നിപ്പിന്റെയും ധ്രുവീകരണത്തിന്റെയും വംശീയതയുടെയുമായ ഘടകങ്ങളെ സമൂഹത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നു എന്ന് അഭിപ്രായപ്പെട്ടു. "സാഹോദര്യത്തെ ഒരു രാഷ്ട്രീയ ആശയമായി ഉയർത്തി കൊണ്ടുവരുന്നതിലൂടെ മാത്രമേ നിലനിൽക്കുന്ന സാമൂഹിക ഘടന പുനർ നിർമിക്കാൻ കഴിയൂ എന്നാണ് പ്രവാസി വെൽഫെയർ മനസ്സിലാക്കുന്നത്," അദ്ദേഹം വ്യക്തമാക്കി.
മത നവീകരണത്തിനപ്പുറം ജാതി വിരുദ്ധതയുടെയും ജാതി നശീകരണത്തിൻ്റേതുമായ ഒരു ആശയതലം വികസിപ്പിച്ചു എന്നതാണ് കേരളീയ നവോത്ഥാനത്തെ മറ്റ് ഇന്ത്യൻ നവോത്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് എന്ന് ഗുരുദേവ സോഷ്യൽ സൊസൈറ്റിയിലെ ബിജു മലയിൽ പറഞ്ഞു.
അനിൽ കുമാർ (കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ), പി.ടി. ജോസഫ് (സീറോ മലബാർ സൊസൈറ്റി), ജമാൽ ഇരിങ്ങൽ (ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ) എന്നിവരും ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. പ്രവാസി വെൽഫെയർ സെക്രട്ടറി ഇർഷാദ് കോട്ടയം പരിപാടി നിയന്ത്രിച്ചു. സബീന ഖാദർ സ്വാഗതവും ഷാഹുൽ ഹമീദ് വെന്നിയൂർ നന്ദിയും പറഞ്ഞു.
aa
