ബഹ്‌റൈൻ സേക്രഡ് ഹാർട്ട് പള്ളി ഇനി “വികാരിയൽ തീർത്ഥാടന കേന്ദ്രം”: ചരിത്രപരമായ പദവി നവംബർ 1 മുതൽ
 
                                                            പ്രദീപ് പുറവങ്കര
മനാമ I യെമന് പുറത്ത് അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പഴക്കം ചെന്ന കത്തോലിക്കാ ദേവാലയം എന്ന് അറിയപ്പെടുന്ന മനാമയിലെ സേക്രഡ് ഹാർട്ട് കത്തോലിക്കാ പള്ളി ചരിത്രപരവും ആത്മീയവുമായ നാഴികക്കല്ല് കൈവരിക്കാൻ ഒരുങ്ങുന്നു. പ്രവർത്തനത്തിന്റെ 85ാം വാർഷികത്തോടനുബന്ധിച്ച് ഔദ്യോഗികമായി ഇനി മുതൽ ഈ പള്ളി വികാരിയേറ്റിലെ തീർത്ഥാടന കേന്ദ്രമായി അറിയിപ്പെടും. നവംബർ 8ന് നടക്കുന്ന പൊന്തിഫിക്കൽ കുർബാനയിൽ നോർത്തേൺ വികാരിയേറ്റിന്റെ അപ്പോസ്റ്റോലിക് വികാർ ബിഷപ്പ് ആൽദോ ബെറാർഡി നോർത്തേൺ വികാരിയേറ്റിലെ തീർത്ഥാടന കേന്ദ്രമായി ആയി സേക്രട്ട് ഹാർട്ട് ചർച്ചിനെ ഔദ്യോഗികമായി നാമകരണം ചെയ്യും. തീർത്ഥാടന കേന്ദ്രത്തിന്റെ പുതിയ റെക്ടറെ ഉടൻ നിയമിക്കുമെന്നും ബിഷപ്പ് ബെരാർഡി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
1939 ജൂൺ 9-ന് തറകല്ലിട്ട പള്ളി, 1940 മാർച്ച് 3-നാണ് ഔദ്യോഗികമായി ആശിർവദിക്കപ്പെട്ടത്. പിന്നീട് സേക്രഡ് ഹാർട്ട് കത്തോലിക്കാ പള്ളിക്ക് ബഹ്‌റൈനിലെയും വിശാലമായ ഗൾഫ് മേഖലയിലെയും കത്തോലിക്കരുടെ "മാതൃദേവാലയം എന്ന പദവിയും ലഭിച്ചു.
ഇതിനെ കുറിച്ച് വിശദീകരിച്ച വാർത്താസമ്മേളനത്തിൽ നോർത്തേൺ വികാരിയേറ്റ് ബിഷപ്പ് ആൽദോ ബെറാർഡി, ഇടവക വികാരി ഫാ. ഫ്രാൻസിസ് ജോസഫ്, ഫാ. ആന്റണി അൽമസാൻ, ഫാ. ജോൺ ന്യൂനസ്, റെജി സേവ്യർ, രഞ്ജിത് ജോൺ എന്നിവർ പങ്കെടുത്തു.
assadsad
 
												
										 
																	