ആഗോള ഐക്യത്തിന്റെ സന്ദേശം ഉയർത്തി ന്യൂ ഹൊറൈസൺ സ്‌കൂളിൽ യുഎൻ ദിനാഘോഷം
പ്രദീപ് പുറവങ്കര
മനാമ: ആഗോള ഐക്യത്തിന്റെയും യുവജന ശാക്തീകരണത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് ബഹ്‌റൈൻ ന്യൂ ഹൊറൈസൺ സ്‌കൂളിൽ വിപുലമായ യു.എൻ. ദിനാഘോഷം സംഘടിപ്പിച്ചു. സമാധാനം, സഹകരണം, ആഗോള പൗരത്വം എന്നിവ പ്രമേയമാക്കിയ ആഘോഷം, സ്കൂളിന്റെ 'വൈവിധ്യത്തിൽ ഏകത്വം' എന്ന മൂല്യത്തോടുള്ള പ്രതിബദ്ധത വിളിച്ചോതുന്നതായി മാറി.
ഗ്ലാഡിസ് ഷീജോയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികളും സാമൂഹ്യശാസ്ത്ര വിഭാഗവും ചേർന്ന് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പ്രത്യേക അസംബ്ലിയോടെയാണ് പരിപാടികൾ ആരംഭിച്ചത്. വിവിധ രാജ്യങ്ങളുടെ പതാകകളുമായി വിദ്യാർത്ഥികൾ നടത്തിയ 'ഗ്രാൻഡ് ഫ്‌ളാഗ് പരേഡ്' സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി. സുസ്ഥിര വികസന ലക്ഷ്യങ്ങൾ ഉൾക്കൊള്ളുന്ന ആശയങ്ങളുമായി വിദ്യാർത്ഥികൾ വിവിധ കലാപ്രകടനങ്ങൾ അവതരിപ്പിച്ചു. ആധുനിക ജീവിതത്തിലെ മൊബൈൽ ഫോണിനോടുള്ള അമിതാസക്തി വിഷയമാക്കി അവതരിപ്പിച്ച നൃത്തനാടകാവിഷ്‌ക്കാരം ഏറെ ശ്രദ്ധ നേടി.
സ്കൂൾ പ്രിൻസിപ്പൽ മിസ്സിസ് വന്ദന സതീഷ് തന്റെ സന്ദേശത്തിൽ സമാധാനത്തിന്റെയും സഹകരണത്തിന്റെയും മാനസിക ജാഗ്രതയുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ ബഹ്‌റൈന്റെ നേതൃസ്ഥാനത്തെ അവർ പ്രശംസിച്ചു.
