സ്കൂൾ ബസിൽ കുടുങ്ങി നാലര വയസ്സുകാരൻ മരിച്ച സംഭവം: വനിതാ ഡ്രൈവറെ ഹൈക്കോടതിയിലേക്ക് റഫർ ചെയ്തു


പ്രദീപ് പുറവങ്കര

മനാമ: മണിക്കൂറുകളോളം സ്കൂൾ വാഹനത്തിൽ കുടുങ്ങി നാലര വയസ്സുകാരൻ മരിച്ച ദാരുണ സംഭവത്തിൽ, വാഹനത്തിന്റെ വനിതാ ഡ്രൈവറെ പബ്ലിക് പ്രോസിക്യൂഷൻ ഹൈ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തു. കേസ് നവംബർ 2 ന് കോടതി പരിഗണിക്കും.

അശ്രദ്ധമൂലമുള്ള മരണത്തിന് കാരണമാകൽ, ലൈസൻസ് ഇല്ലാത്ത ട്രാൻസ്പോർട്ട് സർവീസ് നടത്തൽ എന്നിവയാണ് ഡ്രൈവർക്കെതിരെ ചുമത്തിയിട്ടുള്ള പ്രധാന കുറ്റങ്ങൾ. ഹമദ് ടൗൺ പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച്, രാവിലെ കിന്റർഗാർട്ടനിൽ കുട്ടിയെ ഇറക്കേണ്ടിയിരുന്ന ഡ്രൈവർ, കുട്ടിയെ കാറിനുള്ളിൽ മറന്നുപോവുകയായിരുന്നു. അടച്ചിട്ട വാഹനത്തിനുള്ളിൽ മണിക്കൂറുകളോളം കിടന്ന കുട്ടിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വെന്റിലേഷൻ ലഭിക്കാതെ, അടച്ചിട്ട വാഹനത്തിൽ ഏറെ നേരം കഴിഞ്ഞതിനെ തുടർന്നുണ്ടായ ശ്വാസംമുട്ടലാണ് മരണകാരണമെന്ന് ഫോറൻസിക് പത്തോളജിസ്റ്റ് റിപ്പോർട്ട് നൽകി.

പ്രോസിക്യൂട്ടർമാർ സംഭവസ്ഥലം പരിശോധിച്ച്, വാഹനം കണ്ടുകെട്ടാനും വിശദമായി പരിശോധിക്കാനും ഉത്തരവിട്ടു. കുട്ടിയുടെ കുടുംബാംഗങ്ങളിൽ നിന്നും കിന്റർഗാർട്ടൻ ഉടമയിൽ നിന്നും ഡയറക്ടറിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്.

മതിയായ ലൈസൻസ് ഇല്ലാതെ കുട്ടികളെ കൊണ്ടുപോകാൻ തന്റെ സ്വകാര്യ വാഹനമാണ് ഉപയോഗിച്ചതെന്നും, കുട്ടി വാഹനത്തിൽ കുടുങ്ങിയത് ശ്രദ്ധയിൽപെട്ടില്ല എന്നും പ്രതി ചോദ്യം ചെയ്യലിനിടെ സമ്മതിച്ചു. തുടർന്ന് പ്രോസിക്യൂഷൻ ഡ്രൈവറെ തടങ്കലിൽ വെക്കാൻ ഉത്തരവിടുകയും കേസ് ഹൈ ക്രിമിനൽ കോടതിയിലേക്ക് കൈമാറുകയും ചെയ്യുകയായിരുന്നു.

article-image

aa

You might also like

  • Straight Forward

Most Viewed