പുതിയ മാധ്യമ നിയമം അംഗീകരിച്ച് ബഹ്‌റൈൻ ശൂറാ കൗൺസിൽ: ജയിൽശിക്ഷ ഒഴിവാക്കി പിഴ വർദ്ധിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്തെ മാധ്യമ മേഖലയിൽ സമൂലമായ മാറ്റങ്ങൾ വരുത്തുന്ന പുതിയ നിയമ നിർദ്ദേശങ്ങൾക്ക് ബഹ്‌റൈൻ ശൂറാ കൗൺസിൽ അംഗീകാരം നൽകി. പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് നിലവിലുള്ള ജയിൽശിക്ഷ ഒഴിവാക്കി പകരം ഉയർന്ന പിഴ ഈടാക്കുന്നതാണ് നിയമത്തിലെ സുപ്രധാന മാറ്റം. ഇതനുസരിച്ച്, പ്രസിദ്ധീകരണ കുറ്റങ്ങൾക്ക് ഇനിമുതൽ ജയിൽശിക്ഷ ഉണ്ടായിരിക്കില്ല. പകരം, 10,000 ബഹ്‌റൈൻ ദിനാർ വരെ പിഴയായി ഈടാക്കും. മാധ്യമപ്രവർത്തകർക്ക് ഭീഷണിയായിരുന്ന ജയിൽശിക്ഷ ഒഴിവാക്കുന്നതിനും ഈ നിയമം ലക്ഷ്യമിടുന്നു.

പുതിയ നിയമനിർദേശം പ്രകാരം സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് പ്രത്യേക ലൈസൻസ് നിർബന്ധമാക്കും. ഈ ലൈസൻസ് കരസ്ഥമാക്കുന്നതിനായി ആറ് മാസത്തെ സമയം അനുവദിക്കും. കൂടാതെ, ദേശീയ സുരക്ഷയ്‌ക്കോ പൊതുഭദ്രതയ്‌ക്കോ ഭീഷണിയുണ്ടാക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിച്ചതായി കണ്ടെത്തിയാൽ, പത്രങ്ങളെ സസ്പെൻഡ് ചെയ്യാനും വെബ്‌സൈറ്റുകൾ ഉൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനം തടയാനും കോടതികൾക്ക് അധികാരം ലഭിക്കും. പ്രതിരോധം, സുരക്ഷ, ആരോഗ്യം തുടങ്ങിയ സുപ്രധാന മേഖലകളുമായി ബന്ധപ്പെട്ട വാർത്തകൾ ഔദ്യോഗിക അറിയിപ്പുകൾ ലഭിച്ചാൽ മാത്രമേ പ്രസിദ്ധീകരിക്കാൻ സാധിക്കുകയുള്ളൂ എന്ന നിബന്ധനയുമുണ്ട്. വിദേശ മാധ്യമങ്ങൾക്കായി പ്രവർത്തിക്കുന്ന റിപ്പോർട്ടർമാർക്ക് ബഹ്‌റൈനിൽ പ്രവർത്തിക്കാൻ നിയമം പ്രാബല്യത്തിൽ വന്നാൽ പ്രത്യേക അനുമതി ആവശ്യമായി വരും. പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ഹൈ ക്രിമിനൽ കോടതിയിലാണ് പരിഗണിക്കുക. അതേസമയം, സർക്കാർ നിയന്ത്രിത പ്ലാറ്റ്‌ഫോമുകൾക്ക് ഈ നിയമം ബാധകമായിരിക്കില്ല.

ബഹ്‌റൈൻ പാർലമെന്റുംശൂറാ കൗൺസിലും നിയമത്തിന് അംഗീകാരം നൽകിയ സാഹചര്യത്തിൽ, ഇനി ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ അംഗീകാരം കൂടി ലഭിച്ചാൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.

article-image

aa

You might also like

  • Straight Forward

Most Viewed