വ്യാജ സന്ദേശങ്ങൾ വഴി സൈബർ തട്ടിപ്പുകൾ വർധിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ബഹ്റൈൻ അധികൃതർ

പ്രദീപ് പുറവങ്കര
മനാമ
ഔദ്യോഗിക സ്ഥാപനങ്ങളുടെ പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ച് പൗരന്മാരെയും താമസക്കാരെയും ലക്ഷ്യമിട്ട് നടത്തുന്ന സൈബർ തട്ടിപ്പ് ശ്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ നാഷണൽ സൈബർ സുരക്ഷാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഫീസ് അടയ്ക്കാനോ വ്യക്തിഗതവും ബാങ്ക് വിവരങ്ങളും നൽകാനോ ആവശ്യപ്പെടുന്ന രീതിയിലാണ് ഈ തട്ടിപ്പുകൾ നടത്തപ്പെടുന്നത്.
ഈ സന്ദേശങ്ങളിൽ പലപ്പോഴും ഔദ്യോഗിക വെബ്സൈറ്റുകളുടെ രൂപകൽപ്പന അനുകരിക്കുന്ന വ്യാജ ലിങ്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നുവെന്നും, വിവരങ്ങൾ മോഷ്ടിക്കാനോ ബാങ്ക് അക്കൗണ്ടുകളിൽ അനധികൃതമായി പ്രവേശിക്കാനോ ഇവ ഉപയോഗിക്കപ്പെടുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. അതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നും, സംശയാസ്പദമായ സന്ദേശങ്ങളുമായി പ്രതികരിക്കാതിരിക്കുകയും, അവയിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുകയും ചെയ്യണമെന്നും ഇവർ മുന്നറിയിപ്പ് നൽകി.
സർക്കാർ ഏജൻസികൾ ഒരിക്കലും ടെക്സ്റ്റ് സന്ദേശങ്ങളിലൂടെ വ്യക്തിപരമായോ ബാങ്ക് സംബന്ധമായോ വിവരങ്ങൾ ആവശ്യപ്പെടില്ലെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി. ഔദ്യോഗികവും അംഗീകൃതവുമായ മാർഗങ്ങളിലൂടെ മാത്രം പണമിടപാടുകൾ നടത്തണമെന്നും, സംശയാസ്പദമായ സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും നാഷണൽ സൈബർ സുരക്ഷാ കേന്ദ്രം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
sddsfg