52,000 ദീനാറിലധികം വാറ്റ് തട്ടിപ്പ്: സ്ഥാപന ഉടമക്കെതിരെ കേസ്

പ്രദീപ് പുറവങ്കര
മനാമ l ഉപഭോക്താക്കളിൽനിന്ന് മൂല്യവർധിത നികുതി (വാറ്റ്) ഇനത്തിൽ പണം പിരിച്ചെടുത്തിട്ടും അത് സർക്കാറിലേക്ക് അടക്കാതെ തട്ടിപ്പ് നടത്തിയ കേസിൽ, ഒരു സ്ഥാപന ഉടമക്കെതിരെയും അദ്ദേഹത്തിന്റെ വാണിജ്യ സ്ഥാപനത്തിനെതിരെയും കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെയും സ്ഥാപനത്തെയും ഫസ്റ്റ് ഹൈ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.
പബ്ലിക് പ്രോസിക്യൂഷന്റെ സാമ്പത്തിക കുറ്റകൃത്യ, കള്ളപ്പണം വെളുപ്പിക്കൽ വിഭാഗത്തിലെ നികുതിവെട്ടിപ്പ് കേസ് അന്വേഷണ യൂനിറ്റാണ് ഇക്കാര്യം അറിയിച്ചത്. സ്ഥാപന ഉടമ തൻ്റെ ഉപഭോക്താക്കളിൽ നിന്ന് 52,000 ബഹ്‌റൈൻ ദിനാറിലധികം വാറ്റ് ഇനത്തിൽ പിരിച്ചെടുത്തെങ്കിലും അത് എൻ.ബി.ആറിന് കൈമാറുന്നതിൽ മനഃപൂർവം പരാജയപ്പെട്ടു എന്ന് റിപ്പോർട്ടിൽ പറയുന്നു. നിയമങ്ങൾ പാലിച്ചതായി തെറ്റിദ്ധരിപ്പിക്കാൻ ഇയാൾ സ്ഥാപനത്തിന്റെ ടാക്‌സ് റിട്ടേണുകൾ കൃത്യമായി സമർപ്പിക്കുകയും ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിൽ സ്ഥാപന ഉടമ കുറ്റം സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെയും സ്ഥാപനത്തെയും വിചാരണക്കായി ഫസ്റ്റ് ഹൈ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യാൻ പ്രോസിക്യൂഷൻ തീരുമാനിച്ചത്.
കേസിന്റെ ആദ്യ വാദം കേൾക്കൽ ഒക്ടോബർ 21-ന് നടക്കും. നികുതിവെട്ടിപ്പ്, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവക്കെതിരെ രാജ്യത്ത് ശക്തമായ നിയമനടപടികൾ തുടരുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
sfsf